Tuesday, December 16, 2014


നട്ടുച്ചയാവുമ്പോഴേയ്ക്കും
മിണ്ടാതായിപ്പോവുന്ന വീടുകളെ
തിരിച്ചറിയാനറിയാമോ ?
മുറ്റത്തെ ചേഞ്ചിംഗ് റോസിലൊക്കെയും 
ഉമ്മകള്‍ കൊണ്ട് ആരോ
ചറുപിറാന്ന്
എന്നെ വരച്ചിട്ടിട്ടുണ്ടാവും
"ടമാര്‍ പടാര്‍" എന്ന് ബോംബുപൊട്ടിക്കുന്ന
ചിത്രകഥയിലെ വില്ലന്മാര്‍
ചുറ്റിനും കാവല്‍ നില്‍ക്കുന്നുണ്ടാവും
ആര്യവേപ്പിന്‍ ചോട്ടില്‍ നിന്ന്
ഒരു വസൂരിക്കുരു ഒന്ന് തലപൊക്കി
വീണ്ടും ശീതനിദ്രയിലിരിക്കും
ഉള്ളില്‍
മുത്തശ്ശി
ഓര്‍മ്മയിലെ ഓരോ കാടും
കഴുകിത്തുടച്ചു മിനുക്കുന്നുണ്ടാവും
അച്ഛന്‍ പിന്നെ സ്ഥിരം വീണവായനയാണ്
മിണ്ടാറേയില്ല .
അമ്മ,
കാലു കഴുകിച്ച്
ഇളനീര് കൊടുത്ത്
ഉള്ളിലേയ്ക്ക്
മുള്‍ത്തോട്ടങ്ങളെ ആനയിക്കുകയാണ്
ചേച്ചിയെ ഓര്‍ക്കാഞ്ഞിട്ടല്ല
നിഷ്കാസിതമായ ഒരു സ്വപ്നത്തില്‍ നിന്നും
അവര്‍ക്കിതുവരെ
വീട് ഉരുവായിത്തുടങ്ങിയിട്ടില്ല.
ഉണങ്ങിയ ചാമ്പച്ചോട്ടിലിരുന്നു ദൈവം
കളിവീടുണ്ടാക്കാന്‍ അറിയാവുന്ന
കുഞ്ഞുങ്ങള്‍ക്ക് മാത്രം
സ്വര്‍ഗം പതിച്ചുവെയ്ക്കുന്ന
തിടുക്കത്തിലാണ് .

ചുരം കേറിക്കേറിപ്പോവുന്നു
പാട്ടുമറന്ന കുട്ടി 
പാദരേഖകളില്‍ 
മുള്‍മുനകള്‍ കൊണ്ടൊപ്പ്
ശ്രുതിതെറ്റും ശ്വാസം 

രാത്രിയാവും വരെ ചുരമുണ്ട്;
ചുരം തീരുംവരെ രാത്രിയും

ചുരത്തിനറ്റത്ത്
പട്ടമാവുകയാണ് കുട്ടി
ആകാശത്തിന്‍റെ പാട്ട്=കുട്ടിയുടെ ചരട്
മേഘങ്ങളില്‍നിന്നും
മേഘങ്ങളിലേയ്ക്ക്
മഴയാവുന്ന കുട്ടി
മരങ്ങളില്‍
പുല്‍ത്തലപ്പുകളില്‍
പച്ചയുടെ സംഗീതമാവുകയാണ്

ചെമന്ന പട്ടില്‍ എന്‍റെ
ഞരമ്പുകള്‍കൊണ്ട് വലതുന്നുന്നവനേ
നിന്‍റെ വിരലിനിടയില്‍ നിന്നും
വഴുതിപ്പോവുന്നു
സ്വര്‍ണവരാലുകള്‍ 
ഹവിസ്സില്‍ ഭാംഗ് പുകയ്ക്കുന്നു ;
ചൂരല്‍ക്കൊട്ടാരങ്ങള്‍

പകല്‍ക്കൊള്ളക്കാരാ ,
എന്നെയെറിഞ്ഞുതരികയാണ്
(നോക്കൂ;എന്‍റെ കണ്ണുകള്‍
നിധികുഴിക്കും ഖനിയിടങ്ങള്‍
ഉറങ്ങുന്നതവിടെയാണ്
കോരിയെടുക്കുന്തോറും
മുത്തുവിളയുന്ന മധുരസമുദ്രങ്ങള്‍
എന്‍റെ ചുണ്ടുകള്‍ക്കിടയില്‍
നിമ്നോന്നതങ്ങള്‍ ,ചുഴികള്‍
ഋതുക്കള്‍ ചുഴലികളെ
നാടുകാണിക്കാനിറങ്ങുന്ന പ്രദേശങ്ങളാണ്)
ഹേ,അഘോരീ ,
എന്നെ കൊള്ളയടിക്കുക;
തൊടാതെ തൊടും നിന്‍റെ
മന്ത്രജാലത്താലെന്നെ
ത്രസിപ്പിച്ചില്ലാതാക്കുക.
(ചരലുകള്‍ക്കിടയില്‍പ്പെട്ടുപോയ
മേഘങ്ങളെ പെറുക്കിയെടുക്കുന്ന പെണ്‍കുട്ടി,
ബാക്കിയാവലുകളുടെ വരവുപോക്കുകളെന്ന്
കലണ്ടറുകളെ അടയാളപ്പെടുത്തുന്ന വൃദ്ധ,
വസന്തങ്ങള്‍ക്കപ്പുറം
ആ മരംമാത്രം പൂത്തോയെന്ന്
ആകാംക്ഷപ്പെടുന്ന യുവതി ,
എന്‍റെ രോമകൂപങ്ങല്‍ക്കിടയിലാണ്
ഇവരെല്ലാം മേഞ്ഞുനടക്കുന്നത് )
നിനക്കു തോന്നുമ്പോള്‍
വലിച്ചുനീട്ടാവുന്നൊരു
വൃത്തത്തിനുള്ളില്‍
നീയെന്നെ തടങ്കലിലാക്കുക
ഇമകളനക്കാതെ
എന്‍റെ നാഡികളുടെ കേന്ദ്രബിന്ദുവില്‍
എരിയുംമിഴികളാലോരസ്ത്രംതൊടുക്കുക
അതിന്‍റെയറ്റം നിന്‍റെയാകാശത്തില്‍നാട്ടുക
എച്ചിലുകൾക്കിടയിൽ നിന്നും
സ്വയം വാരിത്തിന്നുന്ന
ഒരു പട്ടിയാണ് ഞാൻ
ഹോ,
ഋതുക്കൾ കളവുപോയ കാലങ്ങളുടെ,
കയ്യൊപ്പില്ലാത്ത മുദ്രപത്രങ്ങളുടെ,
ചുംബിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട അധരങ്ങളുടെ,
ചലനമില്ലാത്ത ആകാശനാടകങ്ങളുടെ,
മുഖം എന്റേതാണല്ലോ
മറന്നെന്നു തോന്നുമ്പോഴൊക്കെ
മറവിയില്ലാതെ പിന്നെങ്ങനോർക്കുമെന്ന്
കണ്ണുനിറയ്ക്കുന്നുണ്ട് ചിലചിത്രങ്ങൾ .
ഇടയ്ക്ക് ഭിത്തിയിൽ നിന്നിറങ്ങി
ഓടുകപോലും ചെയ്യുന്നുണ്ട് .
ഓർക്കപ്പെടലുകൾക്കിടയിൽനിന്നെല്ലാം
ഒളിച്ചോടിയെത്തുന്നിടമാണ്
എന്റെ രാജ്യം.
സ്വപ്നങ്ങളുടെ മീസാങ്കല്ലുകൾക്കിടയിൽ നിന്നും
ഒറ്റയ്ക്കൊറ്റയ്ക്ക് തലനീട്ടുന്ന
മണമില്ലാപ്പൂക്കൾ മാത്രമാണ് എന്റെ അതിഥികൾ .
അതിരുകൾ തിരിക്കാൻ ഇനിയും പഠിക്കേണ്ടതുണ്ട് .
വിധിപ്പരലുകൾ കൊണ്ട്
ആർക്കേതെന്നു
കൊത്താംകല്ലു കളിക്കുകയാണ് നേരങ്ങൾ
ബഹളങ്ങൾ നിലയ്ക്കുന്നിടം നില്ക്കണം;
കാല്ശരായിക്കടിയിലെ മണല് തട്ടിക്കളഞ്ഞ് ,
വീണ്ടുംവരുമെന്ന് അസ്തമയങ്ങളെ പറഞ്ഞുപറ്റിച്ച് .
ഒരു മൂളിപ്പാട്ടിലലിഞ്ഞു നടന്നുപോവണം 
രാത്രിനിറമുള്ള യൂണിഫോം
തയ്ക്കുകയാണ്
കുമ്പസാരമണമുള്ള ഇഴകള്‍
ഇടയ്ക്ക് പിന്നിയിട്ടുണ്ട്
കാലഹരണപ്പെട്ട 
തേങ്ങലുകളുടെ
അതേ വഴുവഴുപ്പ്;ഇപ്പോഴും വക്കില്‍
പക്ഷികളില്ലാത്ത ആകാശത്തിന്‍റെ
നിറമാകുന്നു,രാത്രി
അസുഖകരമായ ഒരു തൊടല്‍
തൊലിപ്പുറമേ
അഴുകിയ ഓര്‍മ്മകളെ
തുന്നിച്ചേര്‍ക്കുന്നുണ്ടാവണമെന്ന്
ഘടികാരശബ്ദമുണ്ടാക്കുന്ന
തയ്യല്‍യന്ത്രം
ഉള്ളിലേയ്ക്ക്
കറങ്ങുന്നു
ചിറകുകളില്‍ നിന്നും
സ്വര്‍ണമത്സ്യങ്ങളുതിര്‍ക്കുന്ന
ഒരു പുഴപ്പക്ഷിയാണ് നീ.
ആഴങ്ങളില്‍ നിറയെ
ദാഹത്തിന്റെ ഭരണികള്‍.
ചെടിഞരമ്പുകളില്‍ വഴുക്കി
പശിമയുള്ള ഓളങ്ങള്‍.
പച്ചപ്പായലുകളാല്‍
തണുപ്പിന്റെ പാടപ്പുതപ്പ് .
രത്നഖവചിതമായ ഉള്‍ദേശങ്ങള്‍,
വിചിത്രമാംവിധം കൊത്തുപണികള്‍.
പുഷ്പദലങ്ങളിലെന്നപോലെങ്കിലും
ഗൌരവാതുരമായ കരത്തലോടല്‍ .
എതിരെ നീന്തി
രക്ഷപ്പെടണമെന്ന്
തോന്നാനാവാത്ത വിധം
നിന്‍റെമേല്‍
വിരിച്ചിട്ട ആകാശം
എന്നെ വരിഞ്ഞുപിടിക്കുന്നതെന്തിനാണ് ?

Saturday, December 28, 2013

തീപ്പ്യൂപ്പ

കടുംകടുനീല ദുപ്പട്ടയിട്ട
ചമലപ്പെണ്ണാണ് രാത്രി
ചമലകൂട്ടി തീയിട്ട്
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റും
അവളുടെ പുകമറയ്ക്കുള്ളില്‍
പരസ്പരം നിഴലെന്ന പോലെ പലതും
ഒന്ന് മറ്റൊന്നിലെയ്‌ക്കെന്നു ചുരുങ്ങും
മറ്റൊന്ന് ഒന്നിലേയ്ക്ക്
ഇടയ്ക്ക് വികസിക്കും
  
അവളോ ,
വീണ്ടും വീണ്ടും
അടിച്ചുവാരികൂട്ടിയിട്ടും കത്താത്ത
തീ തുടുപ്പിച്ച ചമലത്തുണ്ടുകള്‍ പെറുക്കി
ആകാശപ്പറമ്പിലേയ്ക്ക് ഒറ്റ ഏറാണ്.
താഴെ ഉള്ളോരൊക്കെ
നക്ഷത്രംന്ന് വിളിക്കും .
പണി കഴിഞ്ഞ്
ഇടയ്ക്കിത്തിരി നടുനിവര്‍ത്തി
സംശയപ്പെട്ടു കൊണ്ട്
അവളൊരൊറ്റ തുമ്മലാണ് .
അപ്പോ, പറമ്പിന്റെ മൂലയ്ക്ക്
പണ്ടെങ്ങാണ്ടോ തൂക്കിയിട്ട
ശലഭക്കൂടുപൊട്ടി
മഞ്ഞു നിദ്രയില്‍ നിന്നുണര്‍ന്ന് 
ഉള്ളതിലേക്കും വച്ച് വയസ്സനായ
ഒരു സൂര്യന്‍ പുറത്തുവരും
അവന്‍ വളര്‍ന്നു വളര്‍ന്നു
കുഞ്ഞാവുന്നിടം വരെ
അവളു വീണ്ടും ചമല കൂട്ടിക്കൊണ്ടിരിക്കും.
വീണ്ടും വീണ്ടും
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റി നേരംപോക്കും