ആമുഖം: (ആവശ്യമുണ്ടായിട്ടല്ല...)
_________________________________
ലേഡീസ് കമ്പാര്‍ട്ടുമെന്റ്:-
ചോദിക്കാനും പറയാനും
ആരുമില്ലാതായിപ്പോയ
ഒരു യോഹാനിയന്‍ കോമപോലെ
ചുമ്മാ ചേര്‍ന്നങ്ങനെ നില്‍പ്പാണ്
1. "ഉള്ളു കുലുക്കി മദിച്ചുമറിഞ്ഞും
ഝുംതക ഝുംതക മേളമിയന്നും
ശിലയിലോരുത്സവതാളമെറിഞ്ഞും
ഇടറിവരുന്നാള്‍,തകതകതകതെയ്!!!"
അതിസാംഗത്യം-ബോഡി:
_________________________
മിക്കപ്പഴും
പ്ലാറ്റ്ഫോമിനുപുറത്താണ്
വന്നുനില്‍പ്പ്;
2. "ചീറ്റലോടെയൊരു മദഭരഹൃദയം
ആര്‍ത്തിരമ്പി വരുന്നതുപോലെ
സ്റ്റേഷനെത്തി,ദ്രുതഗതിവിട്ടവളോ-
രേങ്ങലോടെ കിതപ്പാറ്റുന്നു"
3. "'ബോധി'യല്ല,നഖക്ഷതങ്ങളേറ്റുമെരിവോടെ
മേല്‍ത്തെളിഞ്ഞൊരു ചുമര്, വെറും ബോഡിമാത്രം
സാഹിതീഭരിതമാണുള്‍ത്തടം, സമൃദ്ധമായ്
ഭാവനാമുഖരിത കക്കൂസുറൂമുകള്‍
ചീഞ്ഞു, മേല്‍ പരസ്പരം പകര്‍ത്തുംവിയര്‍പ്പുകള്‍
പാരവെപ്പു, പഠിത്തം, പരദൂഷണക്കുഴമ്പുകള്‍
സ്നേഹമോടെത്തുറന്നുനീട്ടും പലഹാരങ്ങള്‍
നീര് തുടച്ചൊന്നായ്പ്പകരുമുള്‍ക്കരുത്തുകള്‍...
"

ലിവിംഗ് ടുഗെദര്‍:
_________________
4. "പാറ്റകള്‍,പല്ലികള്‍,വെള്ളെലിക്കുഞ്ഞുങ്ങള്‍
ഓടിനടപ്പുണ്ടിതുള്ളിലാകെ
കാര്യമില്ലെന്നാലും കാടായകാടൊക്കെ
കേറുന്നിങ്ങൊന്നുമേ,ചോദിക്കാതെ
ഓര്‍മ്മയില്ലെന്നപോല്‍ കേറുംപൂരൂഷന്മാര്‍,
തല്ലുകൊള്ളാത്ത കുറവുതന്നെ!!!
തെല്ലും പരാതിയില്ലെന്നാലുമിങ്ങനെ
കേറിവരുന്നതിതെന്തിനാവോ!!!"
വൃത്തപരിധിയില്‍പ്പെടാത്ത,
ഞാന്‍ മാത്രം കണ്ട ഒന്ന്;
ഇരുമ്പുചക്രകോപ്രോഫിലികകളില്‍
ഞെരിഞ്ഞ ഹൃദയവ്രണപ്പുക ..
(കടപ്പാട് :1. തോടകയുടെ വകേലൊരു അമ്മാവന്
2. രഥോദ്ധതക്കുഞ്ഞ് (രണ്ടാം ക്ലാസ്)
3. വസന്തതിലകപുളകിതയായ ഒരു പുറമ്പോക്ക്പെണ്ണ്
4. മഞ്ജരീടെ കുഞ്ഞമ്മേടെ മൂത്ത മോള്)