കടുംകടുനീല ദുപ്പട്ടയിട്ട
ചമലപ്പെണ്ണാണ് രാത്രി
ചമലകൂട്ടി തീയിട്ട്
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റും
അവളുടെ പുകമറയ്ക്കുള്ളില്‍
പരസ്പരം നിഴലെന്ന പോലെ പലതും
ഒന്ന് മറ്റൊന്നിലെയ്ക്കെന്നു ചുരുങ്ങും
മറ്റൊന്ന് ഒന്നിലേയ്ക്ക്
ഇടയ്ക്ക് വികസിക്കും

അവളോ ,
വീണ്ടും വീണ്ടും
അടിച്ചുവാരികൂട്ടിയിട്ടും കത്താത്ത
തീ തുടുപ്പിച്ച ചമലത്തുണ്ടുകള്‍ പെറുക്കി
ആകാശപ്പറമ്പിലേയ്ക്ക് ഒറ്റ ഏറാണ്.
താഴെ ഉള്ളോരൊക്കെ
നക്ഷത്രംന്ന് വിളിക്കും .
പണി കഴിഞ്ഞ്
ഇടയ്ക്കിത്തിരി നടുനിവര്‍ത്തി
സംശയപ്പെട്ടു കൊണ്ട്
അവളൊരൊറ്റ തുമ്മലാണ് .
അപ്പോ, പറമ്പിന്റെ മൂലയ്ക്ക്
പണ്ടെങ്ങാണ്ടോ തൂക്കിയിട്ട
ശലഭക്കൂടുപൊട്ടി
മഞ്ഞു നിദ്രയില്‍ നിന്നുണര്‍ന്ന്
ഉള്ളതിലേക്കും വച്ച് വയസ്സനായ
ഒരു സൂര്യന് പുറത്തുവരും
അവന് വളര്‍ന്നു വളര്‍ന്നു
കുഞ്ഞാവുന്നിടം വരെ
അവളു വീണ്ടും ചമല കൂട്ടിക്കൊണ്ടിരിക്കും.
വീണ്ടും വീണ്ടും
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റി നേരംപോക്കും