Friday, April 5, 2013

തെമ്മാടിച്ചെറുക്കന്‍റെ ഷറപോവ


മഴയും മഞ്ഞും വെയിലും നിലാവും കൊണ്ട് വരട്ടുചൊറിപിടിച്ച് പകുതിയില്‍വെച്ച് ഉണങ്ങിപ്പോയ ഒരു ആല്‍മരച്ചോട്ടില്‍,കയ്യിലൊരു കാലന്‍കുടയും പിടിച്ച് കുന്തിച്ചിരിക്കുകയായിരുന്നു കവിത.ഒരു തെമ്മാടിച്ചെറുക്കന്‍റെ കയ്യിലെ കവണയിലെ അപാരസാധ്യതകളില്‍ മനംമയങ്ങിയ കവിത അവനു വലിച്ചുവിടാന്‍ പാകത്തില്‍ അറ്റം കൂര്‍ത്ത ഒരു കല്ലായി പരിണമിക്കുന്നത് എത്ര വേഗമാണ്...!!!

ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച "ഷറപോവ" എന്ന കവിതാസമാഹാരം ക്രിസ്പിന്‍ ജോസഫ് എന്ന വട്ടനിലേയ്ക്ക് ദൂരങ്ങള്‍ കൂട്ടുന്നോ കുറയ്ക്കുന്നോ എന്ന സംശയം തീരുന്നില്ല,ഇപ്പോഴും .

അവന്‍റെ മുടിവേരുകള്‍ക്കിടയില്‍നിന്ന് പാപപാതാളങ്ങള്‍ പിണങ്ങിയിറങ്ങിപ്പോവുന്നു..
കൈവിരലുകളില്‍നിന്ന് ചിലപ്പഴൊക്കെ വെറും പീറക്കണക്കുകളുടെ ജല്‍പ്പനങ്ങള്‍ ശബ്ദംതാഴ്ത്തി സംസാരിക്കുന്നു.
അവന്‍റെ നെഞ്ചിടിപ്പില്‍ ഇടയ്ക്കൊക്കെ കരണക്കുറ്റി നോക്കി ഒരടികിട്ടിയ പ്രണയം ചെവിപൊട്ടി മോങ്ങുന്നുണ്ട്.
ഓരോ സെക്കന്‍റിലും നൂറുഫ്രെയിം എന്ന ദ്രുതത്തില്‍ അവന്‍റെ മന്ത്രജാലിക ഗിറ്റാറുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നെയ്ത നഗരങ്ങള്‍ നിര്‍മ്മിക്കുന്നു.
മാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളിലുണ്ടെങ്കിലും ഭ്രമിച്ചുവശായി കാലുറച്ചു നിന്നുപോവുന്നു ,കവിത. . .

ധിക്കാരിയുടെ കയ്യിലെ തോട്ടി വരികള്‍ക്കിടയിലേയ്ക്കു വീശിയടിക്കുന്ന അരാജകത്വങ്ങളെ അതിമാദകത്വമാര്‍ന്ന ഒരു പെണ്ണിനെയെന്നപോലെ തന്നിലേയ്ക്കു വലിച്ചടുപ്പിക്കുന്നു.ഇടയ്ക്ക് ഒരു പനിനീരിതള്‍ ചവിട്ടിത്തേയ്ക്കുന്ന പോലെ അവളെ ചവിട്ടിക്കുഴച്ച് ആനപ്പിണ്ടപ്പരുവമാക്കുന്നു.ഇടയ്ക്ക് അവളുടെ മുലഞെട്ടുകളില്‍ നിന്നിറ്റുവീഴുന്ന പാലുകാത്തു വിശന്നിരിക്കുന്ന കുഞ്ഞാവുന്നു.ഇടയ്ക്ക് അവളുടെ നെറ്റിയില്‍ ലില്ലിപ്പൂഗന്ധമുള്ള നനുത്ത ഒരുമ്മയായി നിറയുന്നു.ഇടയ്ക്ക് മരങ്ങള്‍ക്കിടയില്‍ വെയില് നനയുന്ന അവള്‍ക്കു കുടയായി സ്വയം ഉരുകിത്തീരുന്നു.

"ഞാനെത്ര ഉറങ്ങിയാലും തീരാത്ത ഒരു രാത്രിയാണ് നീ" ,ഒന്നാമത്തെ കവിത വായിക്കുമ്പോഴേ കഷ്ടപ്പെട്ട് ഒളിച്ചുതാമസിപ്പിച്ച ഒരുവളെ വെറുതേ പുറത്തേയ്ക്ക് എടുത്തുവെയ്ക്കുന്നു.അവള്‍ക്കൊപ്പം തോഴിമാരെക്കൂടി പൊക്കാന്‍ ആശിക്കുന്നു.പക്ഷേ,അവളെ നോക്കുന്നവന് കോടാലി പണിയുന്ന കവി മലയാളിപ്പുരുഷന്മാരുടെ ഉത്തമപ്രതിനിധിയാവുന്നുണ്ട്.മറ്റുള്ളവന്‍റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞുനോക്കുകയും പിന്നിപ്പൊളിഞ്ഞ സ്വന്തം സദാചാരത്തറകള്‍ ചായംതേച്ചുമിനുക്കി വെയ്ക്കുകയും ചെയ്യുന്ന അതേ പുരുഷത്വം അര്‍ഹിക്കുന്ന എല്ലാ സഹതാപത്തോടെയും എവിടെനിന്നൊക്കെയോ "ആരേലും കണ്ടോ" എന്ന സൈക്കിളില്‍ നിന്ന് വീണവന്‍റെ ചളിഞ്ഞചിരി ചിരിക്കുന്നുണ്ട്.

"ഷറപോവ"കവിയുടെ സ്ത്രീ സങ്കല്‍പ്പത്തിന്‍റെ മൂര്‍ധന്യമാണ്.

"ഷറപോവ,
നൂറ്റാണ്ടുകളായി ഒരു ടെന്നീസ്ബോള് മാത്രമാണ്
അവളുരുണ്ടുപോയ്ക്കോട്ടേ
എങ്ങോട്ടെങ്കിലും"

രണ്ടുതരത്തില്‍ വായിക്കാം,ഇത്.തന്നെ നിരന്തരം ഉറക്കം കെടുത്തുന്ന ഒരു സ്ത്രീയുടെ ചിന്ത,"പോട്ടെ,പുല്ല് "എന്ന് വലിച്ചെറിയുന്നതാവാം ,അല്ലെങ്കില്‍ "പാവം ,അതിനെ വിട്ടേക്കൂ" ന്നു ഹൃദയം തൊട്ടു പറയുന്ന ഒരു കുഞ്ഞ്. അങ്ങേയറ്റത്തെ വഷളത്തത്തിന്‍റെയും അതിനിഷ്കളങ്കത്വത്തിന്‍റെയും ഇടയിലെവിടെയാണ് ഇങ്ങേരെന്നറിയാതെ പെട്ടുപോവുന്നത് ഇത്തരമിടങ്ങളിലാവുന്നു.

വളവുമാപിനികള്‍ ചോദ്യചിഹ്നങ്ങളുടെ രൂപംപ്രാപിക്കുന്നു "വളവ്" എന്ന കവിതയില്‍.ചോദ്യത്തെ എത്ര വളച്ചൊടിച്ചാലാണ് ചോദ്യചിഹ്നമുണ്ടാവുകയെന്നു അതിഭീകരമായ നിഷ്കളങ്കതയോടെ ചോദിച്ചു കളയുന്നു!!!

"ഒരു പെണ്ണ്
നെഞ്ചില്‍ കൈവെച്ചാണ് ചോദിക്കുന്നതെങ്കില്‍
ആ ചോദ്യത്തിന്‍റെ
വളവുനിവര്‍ത്താനാവില്ല "എന്ന് ആണയിടുന്നു .
"ഓരോ വളവും ഓര്‍മ്മയില്‍ അപകടം സൂക്ഷിക്കുന്നു" എന്ന് ആശങ്കപ്പെടുന്നു ..

"പേരില്ലാക്കവിത" വായിക്കുമ്പോള്‍ ഈ കവിതയും ഉണ്ടാകേണ്ടിയിരുന്നില്ല എന്ന് തോന്നും.കണ്ണടയ്ക്കുള്ളിലൂടെ ചോദ്യക്കണ്ണുകള്‍ കൊണ്ട് ചൂരല്‍ വീശുന്ന ഒരു മര്‍ക്കടമുഷ്ടിക്കാരന്‍ ഹെഡ്മാസ്റ്റര്‍ ആവുന്നു ഇവിടെ ഇതെഴുതിയവന്‍."എന്ത്,എന്തിന്,എന്തുകൊണ്ട്' എന്ന പണ്ടത്തെ ഒരു സയന്‍സ്നോളജ് പുസ്തകം ഓര്‍മ്മ വരുന്നു ഇത് കാണുമ്പോള്‍ .
അയുക്തികളുടെയും അസംബന്ധങ്ങളുടെയും നഗരങ്ങളെ തീറ്റിപ്പോറ്റി ഒരു കരപറ്റിച്ചതിന്‍റെ സംതൃപ്തി(ഒപ്പം തന്‍റെ കവിതകളുടെ പിടികിട്ടായ്മയ്ക്ക് ചുളുവില്‍ ഒരു ന്യായീകരണം !!)വാരി നിറയ്ക്കുന്നു ഇവിടെ.

കണ്ണാടിയില്‍ മുഖം കാണുന്ന ദിവസം മുതല്‍ മുഖംമൂടികളെപ്പറ്റി ചിന്തിച്ചുതുടങ്ങാവുന്നതാണ്.എന്നാല്‍പ്പോലും അതില്‍ കൃത്രിമത്വത്തിന്‍റെ ഒരു തേറ്റയെങ്കിലും വേണമത്രേ.ആലോചിച്ചുവിഷമിക്കണ്ട,തീര്‍ച്ചയായും മുഖംമൂടിയില്ലാതെ രണ്ടുപേര്‍കാണുമ്പോള്‍ ആദ്യം കാണുന്ന വാചകം ലോകത്തിലെ ഏറ്റവും വലിയ തെറി തന്നെ ആയിരിക്കും !!!

നാലുവരിഒപ്പിച്ച ഒരു ഒറ്റവാചകക്കവിതയില്‍ വെള്ളംകൊണ്ട് തോണിയുണ്ടാക്കുന്ന വിദൂഷകന്‍ പ്രഹസനം എന്ന പൊട്ടനാടകത്തിന്‍റെ അവസാനവാക്കാവുന്നു.

ഒരു അനിമേഷന്‍ സിനിമയുടെ തിരക്കഥ-അല്ല,തിരക്കവിതയാണ് "കാഴ്ച".പച്ചപ്പ്‌ ഉള്ളിലേയ്ക്ക് ലൈവായി തിരുകിക്കയറ്റുന്നപോലെ അനുഭവിപ്പിക്കുന്ന ഒരു മോഡേണ്‍ ആര്‍ട്ട്‌..പുല്ലുകള്‍ക്കിടയില്‍ ഇരുന്നു വഴിവെട്ടുന്ന ഒരു വെയില്‍,അല്ലെങ്കില്‍,നിധികള്‍ക്ക് കാവല്‍ നില്‍ക്കുന്നവരെക്കുറിച്ച് സംസാരിക്കുന്ന മണ്ണിരകള്‍ മാഞ്ഞുപോയേക്കുമോ എന്ന നാളെയുടെ ഭയത്തെ തവിടുപൊടിയാക്കും വിധം ശുഭരൂപികളാവുന്നു.ചിതലുകളെ ആട്ടിയോടിക്കപ്പെട്ട ഇടം നിത്യതയുടെ ശാന്തസുന്ദരമായ ചേതനയാവുന്നു .

ഇറങ്ങിപ്പോക്ക്,തീവണ്ടി എന്നീ കവിതകളില്‍ കൈവിടാനാവാതെ തിരിഞ്ഞുകളിപ്പിക്കുന്നുണ്ട് ബാല്യത്തെ.തിരിഞ്ഞുനോക്കുമ്പോള്‍ കാണില്ലെന്നറിഞ്ഞിട്ടും
കഴിഞ്ഞവഴികളെ വിടാതെ തിരഞ്ഞു മുന്‍തുടരുന്ന ഒരു കൗമാരക്കാരന്‍റെ ഉത്കണ്ഠയത്രേ അവന്‍റെ ചലനങ്ങളില്‍.

പ്രായം വാതുറപ്പിക്കാത്ത,അയയിലിട്ട തുണിപോലെ ചുക്കിച്ചുളിഞ്ഞ വാര്‍ധക്യത്തെ വിളിക്കാന്‍ "വായില്ലാക്കുന്നിലപ്പന്‍"എന്നല്ലാതെ മറ്റെന്തു പേരുള്ളൂ എന്ന് അത്ഭുതപ്പെടുത്തിക്കളയുന്നു ഈ ചെറുക്കന്‍."ചലനനിയമങ്ങള്‍ക്കപ്പുറത്ത് ചിറകുകള്‍ക്ക് ചിലത് ചെയ്യാനുണ്ടെന്ന്"അടയാളപ്പെടുത്തുന്നു . കെട്ടഴിഞ്ഞ്പോകുന്ന എതൊരോഴുക്കും പുഴയാണെന്ന് ധാര്‍ഷ്ട്യത്തോടെ മുഷ്ടിചുരുട്ടുന്നു.

"ഫോട്ടോകള്‍" എന്ന കവിതയില്‍ അനുഭവതീക്ഷ്ണതയുടെ അടിയുറപ്പ് കാണാം.
"ചെറുപ്പത്തിലേ മരിച്ചവര്‍
പാടവരമ്പത്തൂടെ
കഷണ്ടിനടന്നുവരുന്നത്കണ്ടു
പേടിക്കുകയില്ല
തലയില്‍ കൈവച്ചു കരയുകയില്ല
പിച്ചാത്തിയില്‍
പിടി മുറുക്കുക മാത്രം ചെയ്യും"

എന്നു പറയുന്നത് ധിക്കാരമല്ല,മറിച്ച് ഉള്‍ക്കൊണ്ട പാഠങ്ങളുടെ വിശ്വാസ്യതയില്‍ നിന്നും തികട്ടിവരുന്ന ആത്മവിശ്വാസമാണ്.

ഉറുമ്പുകള്‍ കൂട്ടിവയ്ക്കുന്ന അരിമണികള്‍ പോലെ പെറുക്കിപ്പെറുക്കി കവി ഒരു വീടുണ്ടാക്കുന്നു .എന്തൊക്കെയോ ജാതി ഭാവനകള്‍ കൊണ്ട് ചുമരുകള്‍ക്കു ചായം തേയ്ക്കുന്നു.മഴ,രാത്രി ,മരം,നഗരം,നാടുകടത്തപ്പെട്ടവര്‍,അധകൃതര്‍..അങ്ങനെ വഴിയേ പോവുന്നവന്മാരെയെല്ലാം വീട്ടില്‍കേറ്റിയിരുത്തി സല്‍ക്കരിക്കുന്നു.
പെണ്‍ദേഹങ്ങളുടെ കാന്തികതയില്‍ ഉന്മാദിയാവുന്നു.ഇടയ്ക്കൊക്കെ സ്വയം ഒരു കുഴിബോംബാവുന്നു.

മാന്തിമാന്തിയെടുക്കുമ്പോള്‍ പൊട്ടിത്തെറിച്ച് ആളെക്കൊല്ലുന്ന കുഴിബോംബ്. . .

8 comments:

 1. അവലോകനം വായിച്ചു.
  കൊള്ളാം
  ക്രിസ്പിന്‍ ജോസഫ് എന്നയാളെപ്പറ്റി ഇതാദ്യമായാണ് കേള്‍ക്കുന്നത്

  ReplyDelete
 2. ആരെടാ ഇവന്‍......,... നാട്ടിലെത്തിയിട്ടു തേടിപിടിക്കാം

  ReplyDelete
 3. അവലോകനം നന്നായി
  ആശംസകള്‍

  ReplyDelete
 4. ഇരിപ്പിടം വഴി ഇവിടെയെത്തി..
  ഷറപ്പോവയെ തേടിയിറങ്ങാൻ പ്രേരിപ്പിക്കുന്ന എഴുത്ത്..
  മനോഹരമായിരിക്കുന്നു..

  ReplyDelete
 5. കൊള്ളാം...മികച്ച എഴുത്തു രീതി,നല്ല വിവരണവും..

  ReplyDelete