Sunday, March 31, 2013

'ഗ്രഹ'പ്രവേശം



അടുപ്പെരിയുന്നത്
നിന്‍റെ നെഞ്ചില്‍ വച്ചുതന്നെ വേണം.
തിളച്ചുതൂവുമ്പോള്‍
പാല്‍പ്പായസം
അതിമധുരമായിരിക്കും
ഹാ...ഓര്‍ക്കുമ്പോഴേ വരുന്നൂ കൊതി.

തീയലും,തോരനുമെല്ലാം
അതിമനോഹരമായ
ആ വിരലുകള്‍ കൊണ്ടു മതി.

ബ്ലാക്കില്‍ വാങ്ങി
'ചുവരില്‍ ' തേച്ചുപിടിപ്പിച്ച
പൂഴിത്തരികള്‍
ഓരോന്നായി ചുരണ്ടിച്ചുരണ്ടി
എണ്ണിത്തരണം,പെണ്ണേ നീ

ഒരിക്കലും കായ്ക്കാത്ത
ഒരു നാരകം
നിന്‍റെയുദരത്തില്‍
നെടുങ്ങനെ നടണം.
കായ്ച്ചുപോയാലും
എരിച്ചുകളഞ്ഞേക്കണം.

എന്നും കാക്കകള്‍
സമൃദ്ധമായി കാഷ്ടിക്കുന്ന
ഒരു മൊട്ടത്തലയന്‍ പ്രതിമ
മുറ്റത്തുതന്നെ വേണം.

ഷോകേയ്‌സുകളിലെല്ലാം
ചുവന്നുകിടക്കണം,
അലങ്കാരങ്ങള്‍ ;
നിന്‍റെ ചോരയിത്തിരി
വേണമെന്നല്ലേയുള്ളൂ.

ഇരുട്ടില്‍
പകയുടെ മാറാപ്പുമലകള്‍
നിന്‍റെ മേലുരുട്ടിയിറക്കി
എനിക്കു കൈകൊട്ടിച്ചിരിക്കണം.

അപ്പോഴും, ബക്കറ്റു വെള്ളത്തില്‍
വീണ ഉറുമ്പിന്
രക്ഷപെടുത്തിയവനോടുള്ള
കടപ്പാടു പ്രതിഫലിപ്പിക്കുന്ന
ഒരു ഭാവത്തോടെ മാത്രം
നീ എന്നെ നോക്കണം.

ഇടനാഴികളിലെല്ലാം
ഓരോരോ കണ്ണാടികള്‍
സൂക്ഷിക്കണം ,
നമുക്കിടയിലെ പതമരങ്ങള്‍
കുമിളകള്‍ പൊട്ടിച്ചു
കടപുഴകി
പണ്ടാരമടങ്ങുന്നത്
കണ്ട് എനിക്ക് ഭ്രാന്താവണം.

പ്രിയേ,
എനിക്കു ഭ്രാന്താവണം
നല്ല മുഴുത്ത ഭ്രാന്ത് ....

Wednesday, March 27, 2013

ജനുവരി 26ന്‍റെ ഓര്‍മ്മയ്ക്ക്...!!!!!




..അന്നും അതിരാവിലെ ഏഴരയോടെയാണ് കുട്ടി എണീറ്റത് .പെണ്ണിന് ഇത്രേം
നേരായിട്ടും എണീക്കാനായില്ലേ ന്നു അമ്മേടെ സ്ഥിരം ഒഴിവുദിന പ്രക്ഷേപണം .(കേട്ട് ബോറടിച്ചു .അമ്മമാരേ ..ഇതൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടെ !!)

അപ്പഴാണ് ഓര്‍ത്തത് ,ഇന്നാണ് ആധാര്‍ ഫോട്ടോ എടുക്കാന്‍ (രണ്ടാമത്തെ തവണ )പോവാനുള്ളത്.നേരെ എണീറ്റ്‌ പോയി ബ്രഷൊക്കെ ചെയ്ത് കുളിച്ചു മുടുക്കിയായി പോയി ചായ കുടിച്ചു .സാധാരണയായി ഓഫീസില്‍ പോവാന്‍ ഞാന്‍ കോളേജില്‍ പോവാന്‍ കാണിക്കുന്നതിനേക്കാള്‍ മടി കാണിക്കുന്ന ഒരിനം ജീവിയെ വിളിച്ചു.അദ്ദേഹം എണീക്കുന്നേയുണ്ടായിരുന്നുള്ളൂ .

"ഇന്ന് പോവാനില്ലേ ??"
"ഇന്ന് ലീവാണ് "
"എന്ത് ലീവ് ??"
"കൊച്ചേ ഇന്ന് നബിദിനത്തിന്‍റെ ലീവാണ് "
ഇന്നലെയായിരുന്നല്ലോ കോളേജിനു ലീവ് എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു .
"അതൊക്കെ എന്നേ കഴിഞ്ഞില്ലേ ??"
"ആ ..ഓഫീസിനൊക്കെ ഇന്നാ ലീവ്"

പാവം ഞാന്‍ മഹാമനസ്കത കൊണ്ട് വെറുതെ അങ്ങട് വിശ്വസിച്ച് കൊടുക്കുമ്പോഴും ചതി അറിഞ്ഞിരുന്നില്ല !!!

രാവിലെ ഒന്‍പതുമണിയോടെ ആധാറിന്‍റെ ഫോട്ടോ എടുക്കാന്‍ ഹെല്‍ത്ത്സെന്‍ററില്‍ എത്തി. രണ്ട് അപ്പാപ്പന്മാര്‍ മാത്രമുണ്ട് ചൊറീംകുത്തി നിക്കുന്നു.എന്നെ കണ്ടപാടെ ഒരാള്‍ പറഞ്ഞു .

"ഇന്ന് ഫോട്ടം എടുക്കുവോന്നറിയില്ല ..ലീവാന്ന്‍ തോന്ന്ന്ന്‍"

കേട്ടപാതി നേരെ വീട്ടിലേക്ക് തിരിച്ച് നടന്നു.
പോരുന്ന വഴിക്ക് ഒരു ചെറിയ ഉണുക്ക് പോലത്തെ ചെക്കനുണ്ട് കീശേല്‍ ഇന്ത്യയുടെ കൊടീം കുത്തി അന്തസ്സായി നടന്നുപോവുന്നു.ഇന്നെന്തുപറ്റി ഇങ്ങനെ ഇത്രയ്ക്കു രാജ്യസ്നേഹം വരാനെന്നോര്‍ത്ത് വളരെ അത്ഭുതത്തോടെ, ഒരു കാര്യവുമില്ലാതെ, ഞാന്‍ ചോദിച്ചു ,

"മോന് ഇന്നാണോ സ്വാതന്ത്ര്യം കിട്ടിയത് ??"

ചെക്കന്‍ ഒന്നു നോക്കി . കണ്ണുരുട്ടി"പോടീ "ന്നും വിളിച്ച് ഒരൊറ്റ ഓട്ടം.

കുട്ട്യോള്‍ടെ ഒക്കെ ഒരു കാര്യം ന്നും വിചാരിച്ച് (ആരേലും കണ്ടാ ന്നു ചുറ്റും നോക്കി)നടന്നു .

വരുന്ന വഴിക്ക് അംഗന്‍വാടിയില്‍ പായസവും മിഠായിയും കൊടുക്കുന്നു .
ടീച്ചര്‍ എന്നേം വിളിച്ചു പായസം തന്നു .കൂടെ രണ്ടു മിഠായിയും .
പിന്നേം എന്താണ് വിശേഷമെന്ന് കുട്ടിക്ക് മനസ്സിലായില്ല .വായും പൊളിച്ച് ടീച്ചറോട് വളരെ നിഷ്കളങ്കമായി ചോദിച്ച ചോദ്യം കേട്ട പിള്ളേരൊക്കെ എന്ത് കരുതീട്ടുണ്ടാവും എന്നാലോചിച്ച് ഇപ്പഴും ചെറിയ ഒരു ..ഒരു... .
(ചെറുതായിട്ടേ ഉള്ളൂ,ട്ടോ !!!)

"എന്താ ടീച്ചറേ,പായസോക്കെ ?? ഇന്ന് ടീച്ചറിന്‍റെ പിറന്നാളാണോ ??"

ടീച്ചറുടെ പൊട്ടിച്ചിരിയോടൊപ്പം ക്ലാസ്സിന്‍റെ ഉള്ളില്‍ നിന്ന് അട്ടഹാസങ്ങള്‍ കേട്ട് നോക്കുമ്പോള്‍ ഹാ ..അത്ഭുതം ...!!!

കുറെ കുഞ്ഞുഭാരത പൗരന്മാര്‍ ..പൗരികള്‍ ..കയ്യില്‍ കൊടിയൊക്കെ പിടിച്ച് .
ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "റിപ്പബ്ലിക് ദിനാശംസകള്‍ "എന്ന് എഴുതി വച്ചിരിക്കുന്നു.

ഒറ്റ ഓട്ടമായിരുന്നു വീട്ടിലേയ്ക്ക് .പിന്നില്‍ നിന്നാരോ പറയുന്നത് കേട്ടു.

"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!"

Tuesday, March 26, 2013

എക്കോ



ഏറെയുയരം വെയ്ക്കുമ്പോഴാണ്
വരിക്കപ്ലാവിലും കല്‍ക്കണ്ടമാവിലുമൊക്കെ
തടി തുളച്ച്
ഒരു പരാന്നാധീനത ,സ്വയംനിലപാടുകളെ പ്രതിധ്വനിപ്പിക്കുന്നത് .
ചില്ലമുടികളില്‍ പൂവണിയിച്ച് പൊലിപ്പിക്കുന്നത്..
ആര്‍ക്കോ പങ്കിട്ടുകിട്ടിയതൊക്കെ
ഭാഗിച്ചുവീണ്ടും സ്വന്തമാക്കുന്നത് ..
ആ ധമനികളിലേയ്ക്ക്
സിരകളിറക്കുന്നത്..
ഒന്നുണങ്ങുമ്പോള്‍ പത്തെന്ന്‍
പുതുനാമ്പ് ചിരിച്ചുയിര്‍ക്കുന്നത് ..
ഉയരത്തെക്കാളുയര്‍ന്ന്‍
ഇരിക്കുംകൊമ്പ് കരിക്കുന്നത് ..
എന്നാലും ..
ആ ബോധിശാഖിയില്‍ പണ്ട്
പൂക്കേണ്ടിയിരുന്ന എക്കോകള്‍
ഏതു കൊമ്പിലൂടെയാവും
മാനം കേറിയിട്ടുണ്ടാവുക ...???

Sunday, March 24, 2013

ലേഡീസ് കമ്പാര്‍ട്ടുമെന്‍റ് -വൃത്തചരിതപ്പാട്ട്


ആമുഖം: (ആവശ്യമുണ്ടായിട്ടല്ല...)
_________________________________

ലേഡീസ് കമ്പാര്‍ട്ടുമെന്‍റ്:-
ചോദിക്കാനും പറയാനും
ആരുമില്ലാതായിപ്പോയ
ഒരു യോഹാനിയന്‍ കോമപോലെ
ചുമ്മാ ചേര്‍ന്നങ്ങനെ നില്‍പ്പാണ്

1. "ഉള്ളു കുലുക്കി മദിച്ചുമറിഞ്ഞും
ഝുംതക ഝുംതക മേളമിയന്നും
ശിലയിലോരുത്സവതാളമെറിഞ്ഞും
ഇടറിവരുന്നാള്‍,തകതകതകതെയ്!!!"

അതിസാംഗത്യം-ബോഡി:
_________________________

മിക്കപ്പഴും
പ്ലാറ്റ്ഫോമിനുപുറത്താണ്
വന്നുനില്‍പ്പ്;

2. "ചീറ്റലോടെയൊരു മദഭരഹൃദയം
ആര്‍ത്തിരമ്പി വരുന്നതുപോലെ
സ്റ്റേഷനെത്തി,ദ്രുതഗതിവിട്ടവളോ-
രേങ്ങലോടെ കിതപ്പാറ്റുന്നു"

3. "'ബോധി'യല്ല,നഖക്ഷതങ്ങളേറ്റുമെരിവോടെ
മേല്‍ത്തെളിഞ്ഞൊരു ചുമര്‍, വെറും ബോഡിമാത്രം
സാഹിതീഭരിതമാണുള്‍ത്തടം‍, സമൃദ്ധമായ്
ഭാവനാമുഖരിത കക്കൂസുറൂമുകള്‍
ചീഞ്ഞു, മേല്‍ പരസ്പരം പകര്‍ത്തുംവിയര്‍പ്പുകള്‍
പാരവെപ്പു, പഠിത്തം, പരദൂഷണക്കുഴമ്പുകള്‍
സ്നേഹമോടെത്തുറന്നുനീട്ടും പലഹാരങ്ങള്‍
നീര്‍ തുടച്ചൊന്നായ്‌പ്പകരുമുള്‍ക്കരുത്തുകള്‍...‍
"

ലിവിംഗ് ടുഗെദര്‍:
_________________

4. "പാറ്റകള്‍,പല്ലികള്‍,വെള്ളെലിക്കുഞ്ഞുങ്ങള്‍
ഓടിനടപ്പുണ്ടിതുള്ളിലാകെ
കാര്യമില്ലെന്നാലും കാടായകാടൊക്കെ
കേറുന്നിങ്ങൊന്നുമേ,ചോദിക്കാതെ
ഓര്‍മ്മയില്ലെന്നപോല്‍ കേറുംപൂരൂഷന്മാര്‍,
തല്ലുകൊള്ളാത്ത കുറവുതന്നെ!!!
തെല്ലും പരാതിയില്ലെന്നാലുമിങ്ങനെ
കേറിവരുന്നതിതെന്തിനാവോ!!!"


വൃത്തപരിധിയില്‍പ്പെടാത്ത,
ഞാന്‍ മാത്രം കണ്ട ഒന്ന്‍;
ഇരുമ്പുചക്രകോപ്രോഫിലികകളില്‍
ഞെരിഞ്ഞ ഹൃദയവ്രണപ്പുക ..


(കടപ്പാട് :1. തോടകയുടെ വകേലൊരു അമ്മാവന്‍
2. രഥോദ്ധതക്കുഞ്ഞ് (രണ്ടാം ക്ലാസ്)
3. വസന്തതിലകപുളകിതയായ ഒരു പുറമ്പോക്ക്പെണ്ണ്
4. മഞ്ജരീടെ കുഞ്ഞമ്മേടെ മൂത്ത മോള്‍)

Thursday, March 14, 2013

ചെമ്മരത്തിക്കാളി



ഏനെ നോക്കി

കണ്ണിറുക്കീ

ചെമ്മരത്തിക്കാളി

നീയ്യെന്താടി

ചേരപ്പാമ്പേ

വേലിക്കല്‍ നിക്കുന്നേ??

ഒന്നുമില്ലേ ,

പൊന്നുകാളീ

എന്തൊരു ചോപ്പാന്നേ!!

ചന്തമാണേ

ചോരപോലെ

ചെത്തിപ്പഴം പോലെ!!

വേണ്ട വേണ്ടെന്‍

കുപ്പപ്പാമ്പേ

പോയിക്കോ പുന്നാരേ !!


പയ്യൊടുക്കാന്‍

മെയ്യനങ്ങെന്‍

പുള്ളിപ്പെരുമ്പാമ്പേ...

തേന് മോന്തും

പൂങ്കിളിയെ

നോക്കി മിണ്ങ്ങാതെ !!!!!!

Saturday, March 9, 2013

അനാവൃതം


മഴപ്പെണ്ണേ,
നിന്നെയൊരു
മിന്നല്‍പ്പിണരില്‍
പൊതിഞ്ഞ്
നാടു കടത്തുന്നു

Friday, March 8, 2013

ഗോവര്‍ദ്ധന്മാരുടെ പൂച്ചകള്‍




രാവിലെ
പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്
യാതൊരു മുന്നറിയിപ്പുമില്ലാതെ
അവന്‍ കയറി വരുന്നത് .

കരിപോല്‍ കറുത്തവന്‍,
കണ്ണില്ലാതിരുന്നവന്‍
അവന്‍;
ഗോവര്‍ദ്ധ*ന്‍റെ പൂച്ച .

വന്നപാടെ സോഫയില്‍ കേറി
ഒറ്റയിരുത്തം

അത്ഭുതം ..!!!
ഇപ്പോള്‍ കണ്ണു കാണാമല്ലോ ...!!!


"മ്യാ..ഓ...മ്യാ...പ്പ...മ്യാ...റേ...മ്യാ...ഷ...മ്യാ...ന്‍"

മൂക്കത്തു വെച്ച വിരലിന്
അവന്‍റെ മറുപടി മുരള്‍ച്ച.

(മ്യാ ഒഴിവാക്കിയപ്പം ക്യാര്യം മനസ്സിലായി !!!)

പണ്ട് ആരോ
കുത്തിപ്പൊട്ടിച്ചിരുന്ന
നക്ഷത്രക്കണ്ണുകള്‍
വീണ്ടും തിളങ്ങുന്നു ...!!!
(പൂച്ചേന്ദ്രാ വിളങ്ങുന്നു;
കല്‍ക്കരിപോലെ നിന്മുഖം. )

ചായയെടുക്കാന്‍
പോയി വരുമ്പോള്‍
സോഫ ശൂന്യം ..

അവന്‍ ;
ഗോവര്‍ദ്ധന്‍റെ പൂച്ച ..
എവിടെപ്പോയി ..???

തിരഞ്ഞു തിരഞ്ഞു മടുത്തു
വീണ്ടും വായിക്കാനിരുന്നു

മൂന്നാം പേജില്‍
നാലാം കോളത്തില്‍
പാണ്ടിലോറി കേറി
അരഞ്ഞുപോയ

ഒരു കുഞ്ഞുപൂവിന്‍
പടത്തിന്‍ കീഴെ
ഭദ്രമായി ഉണ്ടായിരുന്നു ;
അവന്‍റെ
പളുങ്കുകണ്മണികള്‍.

കൂടെ ഒരു കുറിപ്പും ;

"പത്രം വായിച്ചു ,
കണ്ടതൊക്കെ
ഇത്രയും മതി ."

എന്ന്
സ്വന്തം ,
ഗോവര്‍ദ്ധന്‍റെ പൂച്ച (മാന്ത്)




(കടപ്പാട് :ഗോവര്‍ദ്ധന്‍റെ യാത്രകള്‍ -ആനന്ദ്‌ )