Sunday, June 16, 2013

ഒരു കുട്ടിക്കഥ


കുട്ടിക്ക് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയെന്നല്ല,കുട്ടിക്ക് എങ്ങനെയുമുണ്ടായിരുന്നില്ല.കുട്ടി പൊതുവേ ഒരു നിര്‍വികാര ജീവിയായിരുന്നു..എങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ കുട്ടിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നിരുന്നു.കുട്ടി ചിലപ്പഴൊക്കെ താന്‍ ഒരു ആണായും ചിലപ്പഴൊക്കെ ഒരു പെണ്ണായും മാറുന്ന ഒരു ജീവി ആണെന്ന് സ്വയം സങ്കല്‍പ്പിച്ചു.

കുട്ടിയുടെ സന്തതസഹചാരിയായിരുന്നു കെ.കെ കൈമള്‍ എന്ന പൂച്ച.കെ.കെ കൈമള്‍ ശരിക്കും ഒരു അമാനുഷികന്‍-സോറി അമാര്‍ജാരകന്‍(എന്നൊക്കെ പറയുമോ ആവോ)തന്നെയായിരുന്നു.നിവര്‍ന്നു നിന്നാല്‍ അതിനു ഏകദേശം അഞ്ചടിയോളം ഉയരം വരുമായിരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി, ഫ്രഞ്ച്,സ്പാനിഷ്,ജര്‍മ്മന്‍ തുടങ്ങി ആറു ഭാഷകള്‍ അതിനു കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു.മനുഷ്യരെപ്പോലെ സംസാരിക്കാനും രണ്ടുകാലില്‍ നിവര്‍ന്നു നടക്കാനും അതിനു കഴിഞ്ഞിരുന്നു.തൂവെള്ള നിറത്തില്‍ നെറ്റിയില്‍ ചാര നിറത്തില്‍ ഒരു പൊട്ടുള്ള പൂച്ചയായിരുന്നു അത്.പലപ്പഴും കുട്ടിക്ക് അത് വിലപ്പെട്ടതെന്ന് തോന്നിയേക്കാവുന്ന തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കിയിരുന്നു.കുട്ടി പലപ്പോഴും തന്‍റെ സ്വപ്നങ്ങളൊക്കെ പങ്കു വെയ്ക്കുന്നത് കെ.കെ കൈമളിനോടായിരുന്നു.

കുട്ടി ജനിച്ചു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അച്ഛനും അമ്മയും വഴിക്ക് വഴിയെ മരണപ്പെടുകയുണ്ടായി.വയസ്സായ ഒരു അമ്മാവന്‍ മാത്രമായിരുന്നു പിന്നീട് കുട്ടിക്കുണ്ടായിരുന്നത്.കുട്ടി
ക്ക് ഒന്‍പത് വയസ്സായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍-കഴിഞ്ഞ ഒരാഴ്ച മുന്‍പ്-അമ്മാവനും മരണപ്പെട്ടു.അതോടെ ആ വലിയ വീട്ടില്‍ കുട്ടിയും കെ.കെ കൈമളും ഒറ്റയ്ക്കായി.

ഒരു ദിവസം നേരം വെളുത്തപ്പോള്‍ കുട്ടിക്ക് വല്ലാതെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.എല്ലാത്തിനോടും ദേഷ്യവും വിരക്തിയും തോന്നാന്‍ തുടങ്ങി.ജീവിതത്തിനു ആകെ ഒരു അര്‍ത്ഥമില്ലാത്ത പോലെ കുട്ടിക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ.

ഒന്‍പതു വയസ്സേ ആയുള്ളൂവെങ്കിലും കുട്ടിക്ക് അപാര വിവരം ഉണ്ടായിരുന്നു.എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളിലും സ്വന്തമായ ഒരു നിലപാട് കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു കുട്ടി.കുറച്ചു കാലമായി കുട്ടിക്ക് പ്രത്യേകിച്ചു പണിയൊന്നും ഉണ്ടായിരുന്നില്ല.ഉണ്ണുക,ഉറങ്ങുക ടി.വി കാണുക എന്നല്ലാതെ വേറെ ഒന്നും കുട്ടി ആയിടെയായി ചെയ്തിരുന്നില്ല.അങ്ങനെയാണ് പതിയെപ്പതിയെ ജീവിതം വിരസമായി കുട്ടിക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.

അന്നു ഇരുന്നു ടി.വി കാണുന്നതിനിടയിലാണ് ശരിക്കും കുട്ടിക്ക് ഭ്രാന്താവാന്‍ തുടങ്ങിയത്.തലേ ദിവസത്തെ സിനിമയില്‍ നായികയെ രക്ഷിക്കുന്ന നായക നടന്‍ ഇന്ന് കാണിക്കുന്ന വേറെ ഒരു സിനിമയില്‍ നായികയെ ഉപദ്രവിക്കുന്നു.അത് കണ്ടതോടെ കുട്ടിക്കാകെ ദേഷ്യം വന്നു.അഭിനയിച്ചു കാര്യം നേടുന്ന ഒരുപാടു പേരെ കുട്ടിക്ക് ഓര്‍മ്മ വന്നു.വെറുതെ പിറുപിറുത്തുകൊണ്ടിരുന്ന കുട്ടിയെ കെ.കെ കൈമള്‍ ആശ്വസിപ്പിച്ചു.കുട്ടിയുടെ മാനസികാവസ്ഥ ഒന്ന് മാറ്റുന്നതിനായി കുറച്ചു ദിവസത്തേയ്ക്ക് എവിടെക്കെങ്കിലും യാത്ര പോവാമെന്നു രണ്ടു പേരും കൂടി തീരുമാനിച്ചു.

വീടും പൂട്ടി രണ്ടാളും കൂടി ഇറങ്ങുകയായിരുന്നു. അപ്പോള്‍ സാധാരണയായി താക്കോല്‍ വെയ്ക്കാറുള്ള പൂച്ചട്ടിയുടെ ഇടയില്‍ നിന്നും കുട്ടിയ്ക്ക് മനോഹരമായ ഒരു ഡപ്പി കിട്ടി.അതിനു ലക്ഷണമൊത്ത ഒരു മനുഷ്യന്‍റെ രൂപമായിരുന്നു.കൃത്യമായ അനുപാതത്തില്‍ ഉണ്ടാക്കിയ ഒരെണ്ണം.

ഒരു കൌതുകത്തിന് കുട്ടി അതെടുത്തു കയ്യില്‍പ്പിടിച്ചുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങി.വഴിയില്‍ വെച്ച് കുട്ടി ഒരു കാര്യം കണ്ടുപിടിച്ചു.
ആ ഡപ്പി മൂന്നുതവണ വലത്തോട്ടു തിരിച്ചാല്‍ തുറക്കാന്‍ പറ്റാവുന്ന ഒരു കുഞ്ഞു ചെപ്പാണ് !
മൂന്നാമത്തെ തിരിച്ചില്‍ തിരിച്ചതും ഡപ്പിക്കുള്ളിലേയ്ക്ക് നോക്കിയ കുട്ടി അത്ഭുതപ്പെട്ടു പോയി.അതിനുള്ളില്‍ മഞ്ഞും മഴയും വേനലും ഓരോരോന്നായി മാറിമാറി മിന്നി വരുന്നു!ഋതുക്കള്‍ എല്ലാം ഒരു കുഞ്ഞുചെപ്പിനുള്ളില്‍!

ഡപ്പി തിരിച്ചടയ്ക്കുന്നതിനു മുന്‍പേ കുട്ടിയുടെ മുന്നില്‍ അവ മൂന്നും കൂടി ഇഴ ചേര്‍ന്ന് ഒരു തൂവലായി പാറി വീണു.

'ഞാനാണ് കാലം..'അത് കുട്ടിയോട് പറഞ്ഞു.

"കാ..ലം ??" കുട്ടിയോടൊപ്പമുണ്ടായിരുന്ന കെ.കെ കൈമള്‍ വിമ്മിഷ്ടത്തോടെ ചോദിച്ചു.

"അതേ. കുറെക്കാലമായി ഇതിനുള്ളില്‍ അടച്ചുപൂട്ടപ്പെട്ടു കിടക്കുകയായിരുന്നു ഞാന്‍. നിങ്ങളാണെന്നെ മോചിപ്പിച്ചത്.അതുകൊണ്ടുതന്നെ ഞാന്‍ ഇനി നിങ്ങളുടെ സാരഥി.
എങ്ങോട്ട് പോവണമെന്ന് കല്‍പ്പിച്ചാലും. യുഗങ്ങള്‍ക്കപ്പുറത്തേക്കായാലും തൊട്ടടുത്ത നിമിഷത്തിലേയ്ക്കായാലും കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ എനിക്ക് നിങ്ങളെ കൊണ്ടുപോവാന്‍ സാധിക്കും,പറയൂ ,നിങ്ങള്‍ക്ക് എങ്ങോട്ടാണ് പോവേണ്ടത് ?" കാലം ചോദിച്ചു.

"എനിക്കൊന്നു കടല്‍ത്തീരത്ത് പോവണം"
ഒരു ആലോചനയുമില്ലാതെ പെട്ടെന്ന് കുട്ടി പറഞ്ഞു.
ഉടനെ കാലം മഞ്ഞയില്‍ ചുവന്ന വരകളുള്ള ഒരു കാറായി രൂപം മാറി.കയറിയിരിക്കാന്‍ അത് കുട്ടിയോട് പറഞ്ഞു .കുട്ടിയും കൈമളും അതില്‍ കയറിയിരുന്നു.തൊട്ടടുത്ത നിമിഷം അവര്‍ കടല്‍ത്തീരത്ത് എത്തി.

കടല്‍ കണ്ട കുട്ടി ആഹ്ലാദഭരിതനായി.

"എനിക്ക് നിന്‍റെ കൈ പിടിച്ച് ഈ കടലില്‍ ഇറങ്ങി കളിക്കണം"കുട്ടി കെ.കെ കൈമളിനോട് പറഞ്ഞു.

"അയ്യേ,ഞാന്‍ കടലില്‍ ഇറങ്ങി കളിക്കുകയോ?നീയെന്താണ് പറയുന്നത്?നിനക്കറിയാമോ, എനിക്ക് ഇരുപത്തഞ്ചു വയസ്സായി.ഈയൊരു പ്രായത്തില്‍ ഞാന്‍ ഇത്തരം പക്വതയില്ലാത്ത കളികള്‍ ഒന്നും കളിക്കാന്‍ പാടില്ല"

കെ.കെ കൈമള്‍ കൈമലര്‍ത്തി.കുട്ടിക്ക് തിരശ്ശീലയിലെ നായകനടനെ ഓര്‍മ്മ വന്നു.ദേഷ്യം വന്നെങ്കിലും കുട്ടി ഒന്നും മിണ്ടിയില്ല.എന്നാല്‍പ്പിന്നെ തിരിച്ചു പോവാം എന്ന് പറഞ്ഞു കുട്ടി.പെട്ടെന്നാണ് അത് കണ്ടത് .
കടല്‍ത്തീരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കഷ്ണം പരിപ്പുവട മണ്ണ് തട്ടി എടുത്തു കഴിക്കുന്നു ഒരു വൃദ്ധ.

കുട്ടിക്ക് സങ്കടം തോന്നി.പക്ഷേ അടുത്ത നിമിഷത്തില്‍ തന്നെ തനിക്ക് എന്തിന്‍റെ കേടാണ് എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു കുട്ടി.കാര്‍രൂപത്തിലുള്ള കാലം കുട്ടിയോട് പറഞ്ഞു.

"നീ സങ്കടപ്പെട്ടിട്ടു കാര്യമില്ല .അവര്‍ അനുഭവിക്കേണ്ടത് തന്നെയാണ് അത്. നിനക്ക് അവരുടെ ഭൂതകാലം കാണണോ ?"

കുട്ടി തലയാട്ടി.അപ്പോള്‍ ആ കാര്‍ അവരെ ഒരുമിച്ച് പഴയ കാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

വെള്ള കൊണ്ട് നിര്‍മ്മിച്ച ഒരു നഗരമായിരുന്നു അത്.
എങ്ങും വെള്ള നിറത്തില്‍ പെയിന്റ് അടിച്ച കൊട്ടാരങ്ങള്‍ ,കമാനങ്ങള്‍.. എവിടേയ്ക്ക് നോക്കിയാലും തൂവെള്ള നിറം ..
തെരുവുകളില്‍ നിറച്ചും ആളുകള്‍..
പല തരത്തില്‍ ഉള്ള പണികള്‍ ചെയ്യുന്ന ആളുകള്‍ തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

കുട്ടി തന്‍റെ ഭൂതകാലം കണ്ടു അവിടെ. കുട്ടി ഒരു അച്ഛനാണ്.
ഒരു രത്നവ്യാപാരി.
ഒരു കാര്യവും ഇല്ലാതെ ചൂടാവുന്ന പ്രകൃതക്കാരന്‍.
കുട്ടിയുടെ മകള്‍ ആയിരുന്നു ആ വൃദ്ധ ആ ജന്മത്തില്‍.വീട്ടില്‍ വളര്‍ത്തുന്ന പശുവിനു കാടി വെള്ളം കൊടുക്കുമ്പോള്‍ ആ വികൃതിപ്പെണ്ണ്‍ അതില്‍ മണ്ണ് വാരിയിടുന്നു.
അത് കണ്ട കുട്ടി അവളെ തല്ലുന്നു

പെണ്‍കുട്ടിക്ക് സങ്കടം വന്നിട്ട് ഇറങ്ങിപ്പോവുന്നു.

"അന്ന് നിങ്ങള്‍ രണ്ടുപേരും ചെയ്തതെന്തോ അതാണ്‌ ഇന്നും അനുഭവിക്കുന്നത്" മഞ്ഞ കാര്‍ കുട്ടിയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
കുട്ടിക്ക് അവിടത്തെ നരച്ച വെള്ളകള്‍ കണ്ടു മടുത്തു.

"വരൂ,നമുക്കിവിടുന്നു പോവാം .അടുത്ത പത്തു ജന്മത്തിനപ്പുറം എന്താണെന്ന് കാണിച്ചു തരൂ" കുട്ടി കാലത്തോട് കെഞ്ചി.

"ഉം.. കയറിയിരിക്കൂ .ഞാന്‍ കൊണ്ടുപോവാം "കാലം പറഞ്ഞു.

കുട്ടിയും പൂച്ചയും കൂടി അതില്‍ കയറിയിരുന്നു.
കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ പച്ച നിറത്തില്‍ ഒരു കാട്. ഫ്ലൂറസെന്റ്‌ പച്ച വെളിച്ചം.

കുട്ടി അവിടെ തന്നെ ഒരു പെണ്ണെലി ആയിട്ട് കണ്ടു.ഒരു ഷൂവിനുള്ളില്‍ ആണ് അത് താമസിക്കുന്നത്.കെ.കെ കൈമള്‍ ആണെലി ആയി മാറിയിരിക്കുന്നു.കാട്ടിനുള്ളില്‍ നല്ല മഴ പെയ്യുന്നു. അപ്പോള്‍ കൈമള്‍ എലി വഴിയരികില്‍ ഉള്ള ഒരു വട്ടയില പറിച്ച് ഓടി വരുന്നു.പെണ്ണെലിയ്ക്ക് മഴ കൊള്ളാതെ നോക്കുകയാണ് ലക്‌ഷ്യം.

വിശദമായ നിരീക്ഷണത്തില്‍ അതൊരു കാടല്ലെന്നും പരീക്ഷണ ശാലയാണെന്നും കുട്ടിക്ക് ബോധ്യപ്പെട്ടു.രണ്ടു എലികള്‍ ജീവശാസ്ത്രജ്ഞരുടെ പരീക്ഷണ വസ്തുക്കളാണ്.ഒരു കോശത്തില്‍ നിന്ന് ഒരായിരം കോശങ്ങള്‍ പെറ്റുപെരുകി ഒരു ജീവി ഉണ്ടാകുന്നതിന്‍റെ വിപരീതപ്രക്രിയ-അതായത് ഒരു ജീവിയില്‍ നിന്നും തിരിച്ചു ഒരൊറ്റ വിത്തുകോശത്തിലേയ്ക്കുള്ള മടക്കം എന്ന വിഷയം ആ ജീവികളുടെ ശരീരം വെച്ച് പരീക്ഷണം ചെയ്യുകയായിരുന്നു അവിടെ.ഓരോ ദിവസവും ഉള്ള പരീക്ഷണങ്ങളുടെ ഫലമായി ആ എലികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു.ദിനവും ശരീരത്തിലെ കുറച്ചു കോശങ്ങള്‍ വീതം ചുരുങ്ങിവരുന്നുണ്ടായിരുന്നു.കൈകള്‍,കാലുകള്‍ എന്നിങ്ങനെ ഓരോ വര്‍ഷത്തിലും ഓരോരോ അവയവങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി അവസാനം ഒരൊറ്റ കോശമായി മാറുന്ന പരീക്ഷണം

കുട്ടിക്ക് മതിയായി.
"നമുക്ക് വേഗം പോവാം" കുട്ടി കാറിനോട് പറഞ്ഞു.

കുട്ടിയും കെ.കെ യും കാറില്‍ കയറി ഇരുന്നു.കാര്‍/കാലം അവരെ തിരിച്ചു വീട്ടില്‍ എത്തിച്ചു.

കണ്ണുതുറന്നു നോക്കുമ്പോള്‍ കുട്ടി പനിക്കിടക്കയില്‍ ആയിരുന്നു.ചുട്ടുപൊള്ളുന്ന പനി.വൈദ്യമറിയാമായിരുന്ന കെ.കെ കൈമള്‍ കുട്ടിക്ക് മരുന്നുകള്‍ വാങ്ങിച്ചു കൊണ്ടുവന്നിരുന്നു.

ഇടയ്ക്ക് കണ്ണുകള്‍ തുറന്നു കുട്ടി തുറന്നുകിടക്കുന്ന ജനാലയിലൂടെ സൂര്യാസ്തമനം കാണുകയായിരുന്നു.അസ്തമിക്കുന്ന സൂര്യന്‍റെ രശ്മികള്‍ കുട്ടിയുടെ പനിക്കിടക്കയില്‍ ചുവപ്പുരാശി പടര്‍ത്തി.ദൂരെ കുന്നിനുമേലെ കൂട്ടത്തോടെ നില്‍ക്കുന്ന പുല്ലുകളെ കുട്ടി കണ്ടു.
പുല്ലുകള്‍ക്ക് വേറെ വേറെ ജന്മങ്ങള്‍ ഒക്കെ ഉണ്ടാവുമോ ?
കുട്ടി ചിന്തിക്കാന്‍ തുടങ്ങി.ഈ ജന്മത്തില്‍ വെറും പുല്ലുകളായി ഒരിടത്ത് മാത്രം ഒതുങ്ങിപ്പോവാന്‍ ഈ പുല്ലുകള്‍ കഴിഞ്ഞ ജന്മങ്ങളിലൊക്കെ ഇതിനുമാത്രം എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക?
എന്ത് ചെയ്തിട്ടാണ് തനിക്ക് ആരും ഇല്ലാതായിപ്പോയത്? അച്ഛനും അമ്മയുമൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും?

കുട്ടിക്ക് ഭയങ്കരമായ സങ്കടം വന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ആദ്യമായി താന്‍ ഒറ്റയ്ക്കായിപ്പോവുന്ന വിഷമം കുട്ടി അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.

ആകാശത്തിന്‍റെ അതിരുകളില്‍ നിന്നും മഞ്ഞകാര്‍ പറന്നുവരുന്നത് കുട്ടി കണ്ടു.രണ്ടു നിമിഷത്തിനുള്ളില്‍ അത് അവന്‍റെ മുറിയില്‍ വന്നുനിന്നു.

"എങ്ങോട്ടാണ് ഇനി നമുക്ക് പോവേണ്ടത്?"
അത് കുട്ടിയോട് ചോദിച്ചു.
കുട്ടി മെല്ലെ കണ്ണുകള്‍ ഉയര്‍ത്തി.കണ്‍പീലികള്‍ നനഞ്ഞൊട്ടിയിരുന്നു.ക്ഷീണിച്ച ശബ്ദത്തില്‍ കുട്ടി കാറിനോട് സംസാരിച്ചു.

"കാലമേ ,നീ അതീതനാണ്;എല്ലാത്തിനും..
ഈ ജന്മത്തില്‍ നിന്നും ഒരു യാത്ര -അതെനിക്കിനി വേണ്ട.ഇവിടെ ഞാന്‍ ഇതുവരെ ഉണ്ടായിട്ടില്ല..എന്നല്ല;ഉണ്ടാവാന്‍ ശ്രമിച്ചിട്ടില്ല.ഇനിയെനിക്ക് ഉണ്ടാവണം..ഇവിടെ ഉണ്ടായിരുന്നെന്ന് എല്ലാവര്‍ക്കും എന്നും തോന്നുന്ന വിധത്തില്‍.. "കുട്ടി പറഞ്ഞു നിര്‍ത്തി.

കാലത്തിന്‍റെ മുഖം സൂര്യരശ്മികളേറ്റു ചുവന്നു.അത് അതിമനോഹരമായി പുഞ്ചിരിച്ചു.കുട്ടി നോക്കി നില്‍ക്കെ അന്തിവാനത്തിലേയ്ക്ക് ഒരു മഞ്ഞ പട്ടം പോലെ അത് പറന്നുപറന്നു പോയി.ദൂരെ ഒരു പൊട്ടായി .

30 comments:

 1. നല്ല കഥ..
  പക്ഷെ എവ്ടെയോക്കെയോ ചില വരികള്‍ തീരെ ദഹിച്ചില്ല.
  അഞ്ചടിഉയരമുള്ള പൂച്ച, അതിന്റെ കെ.കെ കൈമള്‍ എന്ന ഒരു പേരും. പിന്നെ...അച്ഛനും അമ്മയ്ക്കും പിറകെ അമ്മാവനും മരിക്കുന്നു എന്ന് പറഞ്ഞ അവിടെ എന്തോ ഒരു കണ്ഫ്യൂഷന് തോന്നിച്ചു..അതുകൂടി ഒന്ന് ശരിയാക്കുവാന്‍ ശ്രദ്ധിക്കണം.
  ആശംസകള്‍

  ReplyDelete
  Replies
  1. ആ പൂച്ച ശരിക്കും അങ്ങനെന്നെ ആയിരുന്നു ..

   Delete
 2. കുട്ടി ഇന്‍ വണ്ടര്‍ലാന്റ്

  കുട്ടി കാര്യങ്ങളൊക്കെ കണ്ട് മനസ്സിലാക്കട്ടെ

  ReplyDelete
  Replies
  1. എല്ലാം മനസ്സിലാക്കിക്കളഞ്ഞു,ല്ലേ ;)

   Delete
 3. ആലസ്യത്തില്‍ നിന്ന് ഉണരേണ്ട അവിശ്യകത മനസ്സിലാക്കി തരുന്ന നല്ലൊരു കഥയായിട്ടാണ് എനിക്ക് തോന്നിയത് !
  മനോഹരമായ അവതരണം ..എനിക്ക് ശരിക്കും ഇഷ്ട്ടപ്പെട്ടു :)
  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete
  Replies
  1. :) :) എന്റേം തോന്ന്യാസാശംസകള്‍ അസ്രൂസേ .. :)

   Delete
 4. ഞാന്‍ ശരിക്കും ഇത് വായിച്ചപ്പോള്‍ ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുമ്പോലെയാണ് തോന്നിയത്.എനിക്ക് ഇഷ്ട്ടമായി.ആശംസകള്‍

  ReplyDelete
 5. സംഭവം ഒരു കുട്ടികളി ആണെങ്കിലും എഴുത്ത് നന്നായിട്ടുണ്ട് :)

  http://dishagal.blogspot.in/

  ReplyDelete
 6. kollam enthengilum okke akkanam ennullathalla..........
  enthengilum okke cheyyanam ennthanu aavashyam...............

  ReplyDelete
  Replies
  1. enthenkilum okke cheythittu enthenkilum okke aakkanam ennaa sharikkum udhesham :)

   Delete
 7. കാലം തുടങ്ങുന്നതും ഒടുങ്ങുന്നതും ഒരേ ബിന്ദുവില്‍ തന്നെ

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 8. സംഭവം കുറച്ച് അതിശയോക്തി കലര്ത്തിയെങ്കിലും നല്ല ആശയം .. അല്പ്പം കൂടെ ശ്രമിച്ചിരുന്നെങ്കിൽ നല്ലൊരു കഥയാക്കി മാറ്റമായിരുന്നു.

  ReplyDelete
  Replies
  1. അതിശയോക്തിക്ക് വേണ്ടി മാത്രം എഴുതിയതാണ് :)

   Delete
 9. ചിലതൊക്കെ വിശ്വസിക്കാൻ പ്രയാസമുണ്ട് എങ്കിലും കുഴപ്പമില്ലാതെ എഴുതി...
  ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു
  പക്ഷെ അതൊക്കെ എഴുത്തുകാരന്റെ അവകാശം

  ReplyDelete
 10. ഒരു എഴുത്തുകാരിയുടെ ശൈലി തിരുത്തിച്ച് നമ്മുടെ ഇഷ്ടത്തിനാക്കിയിട്ട് വായിക്കുന്നതില്‍ എന്താ ഒരു രസമുള്ളത്...എങ്കില്‍ തനിയെ എഴുതി വായിക്കുന്നതും ഇതും തമ്മില്‍ എന്താ വ്യത്യാസം..സാഹിത്യത്തിനും അതിനു കാരണമാകുന്ന ഭാവനയ്ക്കും അതിര്‍ വരമ്പുകള്‍ കല്‍പ്പിച്ചുകൂടാ..അതിനാല്‍ തന്നെ അതിന്റെ സത്യസന്ധത നഷ്ടപ്പെടും..എഴുത്തുകാരിയുടെ ഇഷ്ടാനുസരണം ഉരുത്തിരിയുന്ന വരികള്‍ അങ്ങനെ തന്നെ വായിക്കുകയേ വേണ്ടൂ.. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അതിന്റെ കൈയ്യോ കാലോ മറ്റെന്തെങ്കിലും അവയവമോ ഭംഗി കുറവാണെന്ന കാരണത്താല്‍ മാറ്റി വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ പ്രായോഗികമാകുമോ..എഴുത്തുകാരിക്ക്(കാരനും) സ്വന്തം സൃഷ്ടിയാണ് കുഞ്ഞ്. ആ കുഞ്ഞിനെ മറ്റ് ആരുടെയും കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ല. കാരണം അതുപോലെ ആ കുഞ്ഞു മാത്രമേ കാണൂ..

  ReplyDelete
 11. ഒരു മേതിൽ ടച്ച്.
  കഥ ഇഷ്ടായി. കെ കെ കൈമൾ എന്ന പേര് എനിക്കിഷ്ടായി

  ReplyDelete
 12. എൻ - പി മുഹമ്മദിന്റെ ലോകാവസാനം ( പുരാവൃത്ത കഥകൾ ) എന്ന കഥ ഈ വിഷയം അതീവ ഗൌരവത്തോടെ ഒരു കുട്ടിയുടെ കണ്ണിലൂടെ അതിമനോഹരമായി പറഞ്ഞത് ഓര്മ്മ വന്നപ്പോൾ ഇക്കഥ വായിക്കാൻ ആവേശം കുറഞ്ഞു ... നല്ല ശ്രമം .. അവതരണം .. കാറിനു പകരം മറ്റൊരു ബിംബം ആയിരുന്നുവെങ്കിൽ മുകളില വായിച്ചയാല്ക്ക് കാർടൂണ്‍ ആയി തോന്നില്ലായിരുന്നു . അത് ഒരു കുറവായി എനിക്കും തോന്നി .
  പാരമ്പര്യ രീതികളെ തല്ലിയോടിക്കുന്നവരോട് എനിക്ക് ഇഷ്ടമുണ്ട് ..... ഞാനും അങ്ങനെയാണ് ശ്രമിക്കാറ് ... തോന്നിവാസ്യേ ഇനിയും തുടരുക ഈ തോന്ന്യാസം :) !!!

  ReplyDelete
 13. കൊള്ളാം... വളരെ നല്ല ആശയം.....ചില ഭാഗങ്ങൾ അല്പം കൂടി മെച്ചപ്പെടുത്താമായിരുന്നില്ലേ എന്നൊരു തോന്നൽ ഇല്ലാതില്ല.... എന്നുവച്ചാൽ കഥാപാത്രങ്ങളെ അല്പം കൂടി ഗൗരവതരമായി അവതരിപ്പിയ്ക്കാമായിരുന്നു .....
  അല്ല... തോന്ന്യാസി ആകുമ്പോൾ ഇങ്ങനെയൊക്കെയല്ലേ എഴുതാൻ പറ്റൂ അല്ലേ.... :)

  ReplyDelete
 14. കഴിഞ്ഞ തവണ എനിക്കൊരു പറ്റു പറ്റിയത ഒന്നും മനസ്സിലായില്ലെങ്കിലും മനസ്സിലായി എന്ന് എഴുതി ഒന്നുമില്ലെങ്കിലും ഐഡി യുടെ കുലീനതം ഞാൻ നോക്കി. ഇപ്പ്രാവശ്യം ചൂടുവെള്ളത്തിൽ കുളിച്ചില്ലെങ്കിലും സാരമില്ല കമാന്നൊരു കമന്റ്‌ ഞാൻ ഇടൂല്ല, കഴിഞ്ഞ പ്രാവശ്യം അജിത്ഭൈയുദെ കമന്റ്‌ കണ്ട ധൈര്യവും ഉണ്ടായിരുന്നു എന്നിട്ട് ലാസ്റ്റ് അജിത്‌ ഭായ് കാലുമാറി
  എന്തായാലും ഒരു പരിപ്പുവട വേസ്റ്റ് ആക്കി
  കുട്ടിയും പൂച്ചയും ഒരു റോൾ ആയിരുന്നെങ്കിൽ പൂച്ചക്കുട്ടി മതി

  ReplyDelete
 15. ഹായി ലിഷാ ...വെരി നൈസ്ക .....(V N ) പോയ ഒരു പതിറ്റാണ്ടിന്റെ ജീവിതം...... നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും കവർന്നെടുത്തു! ഇപ്പോൾ ... പഴകി ദ്രവിച്ച ഒരു പുസ്തകം പോലെ ജീവിതം അക്ഷരങ്ങൾക്കിടയിലും ... നീയെന്ന സ്വപ്നത്തിനു‍്‌ ചിറകുമായ്‌ ജീവിതത്തിന്റെ പുതിയ ലോകത്തേക്കു‍്‌,,,,,,,

  ReplyDelete
 16. കഥയിലൂടെ ഒരു ത്രികാല യാത്ര സേഫ് ലാന്റിംഗ് കൊള്ളാം നല്ല വൈമാനിക.... യാത്രകൾ തുടരട്ടെ...

  ReplyDelete
 17. കഥയിലൂടെ ഒരു ത്രികാല യാത്ര സേഫ് ലാന്റിംഗ് കൊള്ളാം നല്ല വൈമാനിക.... യാത്രകൾ തുടരട്ടെ...

  ReplyDelete
 18. K.k Kaimal yathra verittathum vyathyasthavum ...good one...

  ReplyDelete
 19. K.k Kaimal yathra verittathum vyathyasthavum ...good one...

  ReplyDelete