Saturday, December 28, 2013

തീപ്പ്യൂപ്പ

കടുംകടുനീല ദുപ്പട്ടയിട്ട
ചമലപ്പെണ്ണാണ് രാത്രി
ചമലകൂട്ടി തീയിട്ട്
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റും
അവളുടെ പുകമറയ്ക്കുള്ളില്‍
പരസ്പരം നിഴലെന്ന പോലെ പലതും
ഒന്ന് മറ്റൊന്നിലെയ്‌ക്കെന്നു ചുരുങ്ങും
മറ്റൊന്ന് ഒന്നിലേയ്ക്ക്
ഇടയ്ക്ക് വികസിക്കും
  
അവളോ ,
വീണ്ടും വീണ്ടും
അടിച്ചുവാരികൂട്ടിയിട്ടും കത്താത്ത
തീ തുടുപ്പിച്ച ചമലത്തുണ്ടുകള്‍ പെറുക്കി
ആകാശപ്പറമ്പിലേയ്ക്ക് ഒറ്റ ഏറാണ്.
താഴെ ഉള്ളോരൊക്കെ
നക്ഷത്രംന്ന് വിളിക്കും .
പണി കഴിഞ്ഞ്
ഇടയ്ക്കിത്തിരി നടുനിവര്‍ത്തി
സംശയപ്പെട്ടു കൊണ്ട്
അവളൊരൊറ്റ തുമ്മലാണ് .
അപ്പോ, പറമ്പിന്റെ മൂലയ്ക്ക്
പണ്ടെങ്ങാണ്ടോ തൂക്കിയിട്ട
ശലഭക്കൂടുപൊട്ടി
മഞ്ഞു നിദ്രയില്‍ നിന്നുണര്‍ന്ന് 
ഉള്ളതിലേക്കും വച്ച് വയസ്സനായ
ഒരു സൂര്യന്‍ പുറത്തുവരും
അവന്‍ വളര്‍ന്നു വളര്‍ന്നു
കുഞ്ഞാവുന്നിടം വരെ
അവളു വീണ്ടും ചമല കൂട്ടിക്കൊണ്ടിരിക്കും.
വീണ്ടും വീണ്ടും
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റി നേരംപോക്കും

8 comments:

  1. കൊള്ളാല്ലോ തീപ്പ്യൂപ്പ...

    ReplyDelete
  2. തോന്നിവാസത്തിന്‍റെ നേര്‍വര

    ReplyDelete
  3. നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  4. ലിഷാ.....
    ഇതില്‍ ഞാന്‍ എന്തെഴുതിയാലും അത് ആ ചമലപ്പെണ്ണിന്‍റെ ചമലകള്‍ക്കിടയില്‍ പോയി വീഴും.....
    അവളതു നിഷ്കരുണം കത്തിക്കുകയും ചെയ്യും.
    അത് അവളുടെ നിയോഗമാണല്ലോ.
    പക്ഷെ,ഇങ്ങനെ സുന്ദരമായി നീ എഴുതുമ്പോള്‍ എന്തെങ്കിലും പറയാതിരിക്കുന്നതെങ്ങനെ ?
    ഈ ചമലപ്പെണ്ണിനെ ഞാന്‍ അറിയാതെ പ്രണയിച്ചു പോകുന്നു...
    അവള്‍ ആകാശത്തേയ്ക്ക് വാരിയെറിയുന്ന ഒരായിരം ചമലകളില്‍ ഒന്നായി എന്റെ ഈ അക്ഷരങ്ങളും തെറിച്ചുപോകട്ടെ....
    ഏതെന്കിലും ഒരു വിദൂര നെബ്യുലയില്‍ ഒരു കരിക്കട്ടയായെന്കിലും അതും വീണു കിടക്കട്ടെ !

    ReplyDelete
  5. നിന്റെ ഓരോ തോന്നിവാസങ്ങള്‍

    കൊള്ളാം കേട്ടോ!

    ReplyDelete
  6. അവളുടെ ആ തുമ്മലാ ഗംഭീരം........നന്നായിട്ടുണ്ട്

    ReplyDelete