Saturday, April 27, 2013

അങ്ങനെയാണ് പരിശുദ്ധരായവരുടെ പ്രാര്‍ഥനകളില്‍ പറയപ്പെടുന്നത്


ഒരിക്കല്‍
മഴക്കുടകള്‍ നിര്‍മ്മിക്കുന്ന
ഒരു അവിഞ്ഞ നഗരത്തിന്‍റെ
പുഴക്കമണങ്ങള്‍ക്കിടയില്‍
നമ്മള്‍ മുഖത്തോടുമുഖംനില്‍ക്കും .
ആസക്തികളുടെ ഉറവകള്‍
സൗരയൂഥങ്ങള്‍ക്കിടയിലൂടെ
നൂണ്ടിറങ്ങിവന്ന്
ശബ്ദമുണ്ടാക്കാതെ ,
നമ്മളെത്തൊടാതെ ,
നീരാവിമഴയായി
ഭൂമിയില്‍നിന്ന് മുകളിലേയ്ക്കുപെയ്യും.
നിന്‍റെ കണ്ണുകളില്‍നിന്നും
ചോരാന്‍തുടങ്ങിയ
ഒരാകാശത്തിന്‍റെ നൊവേനകേട്ട്
പരിശുദ്ധയാകുമാറാകുമ്പോള്‍
കൊള്ളിമീനുകള്‍ ചേര്‍ത്തുവെച്ച്
ഞാന്‍ അളക്കാന്‍തുടങ്ങും ;
നമുക്കിടയിലെ വെഞ്ചരിക്കപ്പെട്ട ദൂരങ്ങള്‍;

എപ്പോഴും തെറ്റിക്കാന്‍വേണ്ടിമാത്രം .

വലിച്ചുനീട്ടുന്തോറും ഇരുവഴി പകുക്കുന്ന ദൂരങ്ങളെക്കുറിച്ച്


യുഗങ്ങള്‍ക്കിപ്പുറം
മഞ്ഞിറ്റു മാഞ്ഞ
ഒരു ചില്ലിടയിലൂടെ
വീണ്ടും കണ്ടു നിന്നെ.
ഞാന്‍ ഒരു വിളക്കാണ്.
ഒരു കൊട്ട ഓറഞ്ചിനുപകരം
അമ്മൂമ്മയ്ക്കു കിട്ടിയ വിളക്ക്.

ലൈലാക്ക് നിറമുള്ള
പുഷ്പങ്ങള്‍ മാത്രം
മുടിയില്‍ ചൂടുന്ന
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു
അപ്പോള്‍ നിന്‍റെയടുത്ത്.

വിളക്കാവുന്നതിനുമുന്‍പ്
ഞാന്‍ അവളായിരുന്നു
അവള്‍ എന്നും പൂപറിക്കാറുള്ള
തോട്ടത്തിനപ്പുറത്ത്
മഴവില്ലിന്‍റെ ഒരു സ്വപ്നം
വീണുകിടന്നിരുന്നു;
ഓക്കുമരങ്ങള്‍ക്കിടയില്‍
പ്രണയമിറ്റിത്തുടുത്ത
ഒരു പനിനീരിന്‍റെ രൂപത്തില്‍.
ഇടയ്ക്കൊക്കെ
കൈ നീട്ടിയാല്‍
പറിച്ചെടുക്കാവുന്ന
ദൂരത്തില്‍
നക്ഷത്രപ്പഴങ്ങള്‍.
അവളുടെ
ചെരിപ്പിടാത്ത പാദങ്ങള്‍
കടന്നുപോവുന്ന
വഴി നീളെ നീയായിരുന്നു

ഇന്ന്,
അവളുമുണ്ട്
ഞാനുമുണ്ട്
നീയാണെങ്കില്‍
ഒരു സ്വപ്നം മാത്രം പോലുമല്ലാതെ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. .

Friday, April 26, 2013

പൊളിയാത്ത ശില്‍പങ്ങളുടെ നഗരങ്ങള്‍

ഒരു ശില്‍പ്പം തീര്‍ക്കുന്ന
തിരക്കിലാണ് ഞാന്‍.
കൊത്തിവെച്ച നിന്‍റെ സ്ഫടികശില്‍പ്പരൂപത്തില്‍
എന്‍റെ സ്വപ്നകമാനങ്ങള്‍
ചേര്‍ത്തുവെച്ച്
എനിക്ക്മാത്രം കാണാനാവുന്ന ഒരു ശില്‍പ്പം തീര്‍ക്കുകയാണ്.
എന്‍റെ നിശ്വാസനഗരികളില്‍നിന്നഴിച്ചുവിട്ട കാറ്റുകള്‍
നിന്‍റെ മേല്‍ പറന്നിരുന്ന കരിയിലകളെ പേടിപ്പിച്ചോടിക്കുന്നു
മുഖധാവില്‍ ഞാന്‍ ചുംബനച്ചുഴലിയാവുന്നു

എന്‍റെ മുലഞെട്ടുകളാല്‍
നിന്‍റെ നെറ്റിയില്‍
തിരുവചനമെഴുതുന്നു;

"പ്രിയനേ..
എന്നും എന്നോട്കൂടെയായിരിക്ക ..
നിന്നെ,നിന്‍റെ ജീവനെ എന്നോടുചേര്‍ക്ക.."

എന്‍റെ ജീവസ്പന്ദം
നിന്‍റെ കാതോടു ചേരുമ്പോള്‍
നീ വജ്രശിലയാവുന്നു.
വിരല്‍ത്തുമ്പുകള്‍കൊണ്ട്
ഞാന്‍ മലര്‍ത്തുന്ന നിന്‍റെ
ചുണ്ടുകളില്‍ നിന്നു തുടങ്ങുന്ന
അഗ്നി,സ്വര്‍ണവേരുകളായി
ഉള്ളില്‍ പടരുന്നത് കാണുന്നു.

പൊടുന്നനെ ജീവന്‍വയ്ക്കുന്ന
നിന്നെ ഞാനെന്‍റെ പുസ്തകമാക്കുന്നു.

നിന്‍റെമേല്‍ ഞാനെഴുതുന്നു;
നിന്‍റെമേല്‍ മാത്രമെഴുതുന്നു;
നിന്‍റെമേല്‍ എനിക്കുമാത്രം എഴുതാനാവുന്നത്.

കൈഞരമ്പുകളില്‍നിന്നും നീലവേരുകള്‍
നമ്മെ നിരന്തരം കെട്ടിവരിയുന്നു.

അനങ്ങാനാവാതെ നില്‍ക്കുമ്പോള്‍
ശിലയായ് നീ തീരുംമുന്‍പ്
നമ്മള്‍ കെട്ടിപ്പിടിച്ചുനടന്ന
തെരുവീഥികളില്‍നിന്നൊരു
ശീതസംഗീതം
മലയിറങ്ങിവരുന്നു.

നമുക്കിടയില്‍ പൂത്ത
ഒരു വനപുഷ്പത്തിന്‍റെ
ഉന്മാദത്തില്‍
സുഗന്ധിയാവുന്ന സംഗീതം
നമ്മെയൊരുമിച്ച്
പൊതിഞ്ഞെടുത്ത്
ആഭിചാരം ചെയ്യുന്നു .

താനേ പുതുതായിപ്പോയ
അതിന്‍റെ പഴമ
പൊടുന്നനെ നമ്മെ
ഒരൊറ്റ ശില്‍പ്പമാക്കി മാറ്റുന്നു
അടരുകളില്ലാത്ത
ഒരൊറ്റ ശില്‍പ്പം .

Thursday, April 25, 2013

നൈരാശ്യം ഇല്ലാത്തവരുടെ മാത്രം നിരാശ(ക്ക)വലകള്‍


ലവന്മാരുള്ളപ്പോ മാത്രം വീട്ടിക്കേറിവരുന്ന ലവളുമാരുടെ കവിതകളും
ലവളുമാരെ ചൊറിയാന്‍ വേണ്ടിമാത്രം ജനിച്ച (ചെലപ്പഴൊക്കെ സെന്‍റിമഴ)ലവന്‍സിന്‍റെ കവിതകളും കൂടി
ഒരു നാലും കൂടിയമുക്കില്‍
ബസ് കാത്തു നില്‍ക്കുകയായിരുന്നു

ഒരു ഈനാംപേച്ചിമഴയും മരപ്പട്ടിക്കാറ്റും
തങ്ങളുടെ പ്രണയത്തിന്‍റെ
കാക്കത്തൊള്ളായിരത്തിമുപ്പത്തിമൂന്നാമത്തെ
വാര്‍ഷികച്ചോര്‍ച്ചയില്‍
പൊരിഞ്ഞവെയിലുകാട്ടി
കോന്ത്രമ്പല്ലിളിച്ചപ്പോള്‍ പരസ്പരം
പ്രണയംചൊറിഞ്ഞ് ,സഭപിരിഞ്ഞ്
തല തോര്‍ത്തുമുണ്ടില്‍ മറച്ച്
എങ്ങോട്ടോ ഒഴുകിയിറങ്ങിപ്പോവുന്നതുകാണുന്നു;
ലവന്‍/ലവള്‍-നിരാഹാര/നിരാശക്കവിതകള്‍
എന്ന് പേരിട്ട പുസ്തകത്തില്‍
തീനിറത്തില്‍ വരച്ച ഒരു ആദിമപ്പുഴ.

നാലും കൂടിയ മുക്ക്
മുങ്ങിമുങ്ങി
മങ്ങിമങ്ങി
വിങ്ങിവിങ്ങിപ്പൊട്ടിച്ചോരുന്നു.

Friday, April 5, 2013

തെമ്മാടിച്ചെറുക്കന്‍റെ ഷറപോവ


മഴയും മഞ്ഞും വെയിലും നിലാവും കൊണ്ട് വരട്ടുചൊറിപിടിച്ച് പകുതിയില്‍വെച്ച് ഉണങ്ങിപ്പോയ ഒരു ആല്‍മരച്ചോട്ടില്‍,കയ്യിലൊരു കാലന്‍കുടയും പിടിച്ച് കുന്തിച്ചിരിക്കുകയായിരുന്നു കവിത.ഒരു തെമ്മാടിച്ചെറുക്കന്‍റെ കയ്യിലെ കവണയിലെ അപാരസാധ്യതകളില്‍ മനംമയങ്ങിയ കവിത അവനു വലിച്ചുവിടാന്‍ പാകത്തില്‍ അറ്റം കൂര്‍ത്ത ഒരു കല്ലായി പരിണമിക്കുന്നത് എത്ര വേഗമാണ്...!!!

ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച "ഷറപോവ" എന്ന കവിതാസമാഹാരം ക്രിസ്പിന്‍ ജോസഫ് എന്ന വട്ടനിലേയ്ക്ക് ദൂരങ്ങള്‍ കൂട്ടുന്നോ കുറയ്ക്കുന്നോ എന്ന സംശയം തീരുന്നില്ല,ഇപ്പോഴും .

അവന്‍റെ മുടിവേരുകള്‍ക്കിടയില്‍നിന്ന് പാപപാതാളങ്ങള്‍ പിണങ്ങിയിറങ്ങിപ്പോവുന്നു..
കൈവിരലുകളില്‍നിന്ന് ചിലപ്പഴൊക്കെ വെറും പീറക്കണക്കുകളുടെ ജല്‍പ്പനങ്ങള്‍ ശബ്ദംതാഴ്ത്തി സംസാരിക്കുന്നു.
അവന്‍റെ നെഞ്ചിടിപ്പില്‍ ഇടയ്ക്കൊക്കെ കരണക്കുറ്റി നോക്കി ഒരടികിട്ടിയ പ്രണയം ചെവിപൊട്ടി മോങ്ങുന്നുണ്ട്.
ഓരോ സെക്കന്‍റിലും നൂറുഫ്രെയിം എന്ന ദ്രുതത്തില്‍ അവന്‍റെ മന്ത്രജാലിക ഗിറ്റാറുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നെയ്ത നഗരങ്ങള്‍ നിര്‍മ്മിക്കുന്നു.
മാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളിലുണ്ടെങ്കിലും ഭ്രമിച്ചുവശായി കാലുറച്ചു നിന്നുപോവുന്നു ,കവിത. . .

ധിക്കാരിയുടെ കയ്യിലെ തോട്ടി വരികള്‍ക്കിടയിലേയ്ക്കു വീശിയടിക്കുന്ന അരാജകത്വങ്ങളെ അതിമാദകത്വമാര്‍ന്ന ഒരു പെണ്ണിനെയെന്നപോലെ തന്നിലേയ്ക്കു വലിച്ചടുപ്പിക്കുന്നു.ഇടയ്ക്ക് ഒരു പനിനീരിതള്‍ ചവിട്ടിത്തേയ്ക്കുന്ന പോലെ അവളെ ചവിട്ടിക്കുഴച്ച് ആനപ്പിണ്ടപ്പരുവമാക്കുന്നു.ഇടയ്ക്ക് അവളുടെ മുലഞെട്ടുകളില്‍ നിന്നിറ്റുവീഴുന്ന പാലുകാത്തു വിശന്നിരിക്കുന്ന കുഞ്ഞാവുന്നു.ഇടയ്ക്ക് അവളുടെ നെറ്റിയില്‍ ലില്ലിപ്പൂഗന്ധമുള്ള നനുത്ത ഒരുമ്മയായി നിറയുന്നു.ഇടയ്ക്ക് മരങ്ങള്‍ക്കിടയില്‍ വെയില് നനയുന്ന അവള്‍ക്കു കുടയായി സ്വയം ഉരുകിത്തീരുന്നു.

"ഞാനെത്ര ഉറങ്ങിയാലും തീരാത്ത ഒരു രാത്രിയാണ് നീ" ,ഒന്നാമത്തെ കവിത വായിക്കുമ്പോഴേ കഷ്ടപ്പെട്ട് ഒളിച്ചുതാമസിപ്പിച്ച ഒരുവളെ വെറുതേ പുറത്തേയ്ക്ക് എടുത്തുവെയ്ക്കുന്നു.അവള്‍ക്കൊപ്പം തോഴിമാരെക്കൂടി പൊക്കാന്‍ ആശിക്കുന്നു.പക്ഷേ,അവളെ നോക്കുന്നവന് കോടാലി പണിയുന്ന കവി മലയാളിപ്പുരുഷന്മാരുടെ ഉത്തമപ്രതിനിധിയാവുന്നുണ്ട്.മറ്റുള്ളവന്‍റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞുനോക്കുകയും പിന്നിപ്പൊളിഞ്ഞ സ്വന്തം സദാചാരത്തറകള്‍ ചായംതേച്ചുമിനുക്കി വെയ്ക്കുകയും ചെയ്യുന്ന അതേ പുരുഷത്വം അര്‍ഹിക്കുന്ന എല്ലാ സഹതാപത്തോടെയും എവിടെനിന്നൊക്കെയോ "ആരേലും കണ്ടോ" എന്ന സൈക്കിളില്‍ നിന്ന് വീണവന്‍റെ ചളിഞ്ഞചിരി ചിരിക്കുന്നുണ്ട്.

"ഷറപോവ"കവിയുടെ സ്ത്രീ സങ്കല്‍പ്പത്തിന്‍റെ മൂര്‍ധന്യമാണ്.

"ഷറപോവ,
നൂറ്റാണ്ടുകളായി ഒരു ടെന്നീസ്ബോള് മാത്രമാണ്
അവളുരുണ്ടുപോയ്ക്കോട്ടേ
എങ്ങോട്ടെങ്കിലും"

രണ്ടുതരത്തില്‍ വായിക്കാം,ഇത്.തന്നെ നിരന്തരം ഉറക്കം കെടുത്തുന്ന ഒരു സ്ത്രീയുടെ ചിന്ത,"പോട്ടെ,പുല്ല് "എന്ന് വലിച്ചെറിയുന്നതാവാം ,അല്ലെങ്കില്‍ "പാവം ,അതിനെ വിട്ടേക്കൂ" ന്നു ഹൃദയം തൊട്ടു പറയുന്ന ഒരു കുഞ്ഞ്. അങ്ങേയറ്റത്തെ വഷളത്തത്തിന്‍റെയും അതിനിഷ്കളങ്കത്വത്തിന്‍റെയും ഇടയിലെവിടെയാണ് ഇങ്ങേരെന്നറിയാതെ പെട്ടുപോവുന്നത് ഇത്തരമിടങ്ങളിലാവുന്നു.

വളവുമാപിനികള്‍ ചോദ്യചിഹ്നങ്ങളുടെ രൂപംപ്രാപിക്കുന്നു "വളവ്" എന്ന കവിതയില്‍.ചോദ്യത്തെ എത്ര വളച്ചൊടിച്ചാലാണ് ചോദ്യചിഹ്നമുണ്ടാവുകയെന്നു അതിഭീകരമായ നിഷ്കളങ്കതയോടെ ചോദിച്ചു കളയുന്നു!!!

"ഒരു പെണ്ണ്
നെഞ്ചില്‍ കൈവെച്ചാണ് ചോദിക്കുന്നതെങ്കില്‍
ആ ചോദ്യത്തിന്‍റെ
വളവുനിവര്‍ത്താനാവില്ല "എന്ന് ആണയിടുന്നു .
"ഓരോ വളവും ഓര്‍മ്മയില്‍ അപകടം സൂക്ഷിക്കുന്നു" എന്ന് ആശങ്കപ്പെടുന്നു ..

"പേരില്ലാക്കവിത" വായിക്കുമ്പോള്‍ ഈ കവിതയും ഉണ്ടാകേണ്ടിയിരുന്നില്ല എന്ന് തോന്നും.കണ്ണടയ്ക്കുള്ളിലൂടെ ചോദ്യക്കണ്ണുകള്‍ കൊണ്ട് ചൂരല്‍ വീശുന്ന ഒരു മര്‍ക്കടമുഷ്ടിക്കാരന്‍ ഹെഡ്മാസ്റ്റര്‍ ആവുന്നു ഇവിടെ ഇതെഴുതിയവന്‍."എന്ത്,എന്തിന്,എന്തുകൊണ്ട്' എന്ന പണ്ടത്തെ ഒരു സയന്‍സ്നോളജ് പുസ്തകം ഓര്‍മ്മ വരുന്നു ഇത് കാണുമ്പോള്‍ .
അയുക്തികളുടെയും അസംബന്ധങ്ങളുടെയും നഗരങ്ങളെ തീറ്റിപ്പോറ്റി ഒരു കരപറ്റിച്ചതിന്‍റെ സംതൃപ്തി(ഒപ്പം തന്‍റെ കവിതകളുടെ പിടികിട്ടായ്മയ്ക്ക് ചുളുവില്‍ ഒരു ന്യായീകരണം !!)വാരി നിറയ്ക്കുന്നു ഇവിടെ.

കണ്ണാടിയില്‍ മുഖം കാണുന്ന ദിവസം മുതല്‍ മുഖംമൂടികളെപ്പറ്റി ചിന്തിച്ചുതുടങ്ങാവുന്നതാണ്.എന്നാല്‍പ്പോലും അതില്‍ കൃത്രിമത്വത്തിന്‍റെ ഒരു തേറ്റയെങ്കിലും വേണമത്രേ.ആലോചിച്ചുവിഷമിക്കണ്ട,തീര്‍ച്ചയായും മുഖംമൂടിയില്ലാതെ രണ്ടുപേര്‍കാണുമ്പോള്‍ ആദ്യം കാണുന്ന വാചകം ലോകത്തിലെ ഏറ്റവും വലിയ തെറി തന്നെ ആയിരിക്കും !!!

നാലുവരിഒപ്പിച്ച ഒരു ഒറ്റവാചകക്കവിതയില്‍ വെള്ളംകൊണ്ട് തോണിയുണ്ടാക്കുന്ന വിദൂഷകന്‍ പ്രഹസനം എന്ന പൊട്ടനാടകത്തിന്‍റെ അവസാനവാക്കാവുന്നു.

ഒരു അനിമേഷന്‍ സിനിമയുടെ തിരക്കഥ-അല്ല,തിരക്കവിതയാണ് "കാഴ്ച".പച്ചപ്പ്‌ ഉള്ളിലേയ്ക്ക് ലൈവായി തിരുകിക്കയറ്റുന്നപോലെ അനുഭവിപ്പിക്കുന്ന ഒരു മോഡേണ്‍ ആര്‍ട്ട്‌..പുല്ലുകള്‍ക്കിടയില്‍ ഇരുന്നു വഴിവെട്ടുന്ന ഒരു വെയില്‍,അല്ലെങ്കില്‍,നിധികള്‍ക്ക് കാവല്‍ നില്‍ക്കുന്നവരെക്കുറിച്ച് സംസാരിക്കുന്ന മണ്ണിരകള്‍ മാഞ്ഞുപോയേക്കുമോ എന്ന നാളെയുടെ ഭയത്തെ തവിടുപൊടിയാക്കും വിധം ശുഭരൂപികളാവുന്നു.ചിതലുകളെ ആട്ടിയോടിക്കപ്പെട്ട ഇടം നിത്യതയുടെ ശാന്തസുന്ദരമായ ചേതനയാവുന്നു .

ഇറങ്ങിപ്പോക്ക്,തീവണ്ടി എന്നീ കവിതകളില്‍ കൈവിടാനാവാതെ തിരിഞ്ഞുകളിപ്പിക്കുന്നുണ്ട് ബാല്യത്തെ.തിരിഞ്ഞുനോക്കുമ്പോള്‍ കാണില്ലെന്നറിഞ്ഞിട്ടും
കഴിഞ്ഞവഴികളെ വിടാതെ തിരഞ്ഞു മുന്‍തുടരുന്ന ഒരു കൗമാരക്കാരന്‍റെ ഉത്കണ്ഠയത്രേ അവന്‍റെ ചലനങ്ങളില്‍.

പ്രായം വാതുറപ്പിക്കാത്ത,അയയിലിട്ട തുണിപോലെ ചുക്കിച്ചുളിഞ്ഞ വാര്‍ധക്യത്തെ വിളിക്കാന്‍ "വായില്ലാക്കുന്നിലപ്പന്‍"എന്നല്ലാതെ മറ്റെന്തു പേരുള്ളൂ എന്ന് അത്ഭുതപ്പെടുത്തിക്കളയുന്നു ഈ ചെറുക്കന്‍."ചലനനിയമങ്ങള്‍ക്കപ്പുറത്ത് ചിറകുകള്‍ക്ക് ചിലത് ചെയ്യാനുണ്ടെന്ന്"അടയാളപ്പെടുത്തുന്നു . കെട്ടഴിഞ്ഞ്പോകുന്ന എതൊരോഴുക്കും പുഴയാണെന്ന് ധാര്‍ഷ്ട്യത്തോടെ മുഷ്ടിചുരുട്ടുന്നു.

"ഫോട്ടോകള്‍" എന്ന കവിതയില്‍ അനുഭവതീക്ഷ്ണതയുടെ അടിയുറപ്പ് കാണാം.
"ചെറുപ്പത്തിലേ മരിച്ചവര്‍
പാടവരമ്പത്തൂടെ
കഷണ്ടിനടന്നുവരുന്നത്കണ്ടു
പേടിക്കുകയില്ല
തലയില്‍ കൈവച്ചു കരയുകയില്ല
പിച്ചാത്തിയില്‍
പിടി മുറുക്കുക മാത്രം ചെയ്യും"

എന്നു പറയുന്നത് ധിക്കാരമല്ല,മറിച്ച് ഉള്‍ക്കൊണ്ട പാഠങ്ങളുടെ വിശ്വാസ്യതയില്‍ നിന്നും തികട്ടിവരുന്ന ആത്മവിശ്വാസമാണ്.

ഉറുമ്പുകള്‍ കൂട്ടിവയ്ക്കുന്ന അരിമണികള്‍ പോലെ പെറുക്കിപ്പെറുക്കി കവി ഒരു വീടുണ്ടാക്കുന്നു .എന്തൊക്കെയോ ജാതി ഭാവനകള്‍ കൊണ്ട് ചുമരുകള്‍ക്കു ചായം തേയ്ക്കുന്നു.മഴ,രാത്രി ,മരം,നഗരം,നാടുകടത്തപ്പെട്ടവര്‍,അധകൃതര്‍..അങ്ങനെ വഴിയേ പോവുന്നവന്മാരെയെല്ലാം വീട്ടില്‍കേറ്റിയിരുത്തി സല്‍ക്കരിക്കുന്നു.
പെണ്‍ദേഹങ്ങളുടെ കാന്തികതയില്‍ ഉന്മാദിയാവുന്നു.ഇടയ്ക്കൊക്കെ സ്വയം ഒരു കുഴിബോംബാവുന്നു.

മാന്തിമാന്തിയെടുക്കുമ്പോള്‍ പൊട്ടിത്തെറിച്ച് ആളെക്കൊല്ലുന്ന കുഴിബോംബ്. . .

Sunday, March 31, 2013

'ഗ്രഹ'പ്രവേശം



അടുപ്പെരിയുന്നത്
നിന്‍റെ നെഞ്ചില്‍ വച്ചുതന്നെ വേണം.
തിളച്ചുതൂവുമ്പോള്‍
പാല്‍പ്പായസം
അതിമധുരമായിരിക്കും
ഹാ...ഓര്‍ക്കുമ്പോഴേ വരുന്നൂ കൊതി.

തീയലും,തോരനുമെല്ലാം
അതിമനോഹരമായ
ആ വിരലുകള്‍ കൊണ്ടു മതി.

ബ്ലാക്കില്‍ വാങ്ങി
'ചുവരില്‍ ' തേച്ചുപിടിപ്പിച്ച
പൂഴിത്തരികള്‍
ഓരോന്നായി ചുരണ്ടിച്ചുരണ്ടി
എണ്ണിത്തരണം,പെണ്ണേ നീ

ഒരിക്കലും കായ്ക്കാത്ത
ഒരു നാരകം
നിന്‍റെയുദരത്തില്‍
നെടുങ്ങനെ നടണം.
കായ്ച്ചുപോയാലും
എരിച്ചുകളഞ്ഞേക്കണം.

എന്നും കാക്കകള്‍
സമൃദ്ധമായി കാഷ്ടിക്കുന്ന
ഒരു മൊട്ടത്തലയന്‍ പ്രതിമ
മുറ്റത്തുതന്നെ വേണം.

ഷോകേയ്‌സുകളിലെല്ലാം
ചുവന്നുകിടക്കണം,
അലങ്കാരങ്ങള്‍ ;
നിന്‍റെ ചോരയിത്തിരി
വേണമെന്നല്ലേയുള്ളൂ.

ഇരുട്ടില്‍
പകയുടെ മാറാപ്പുമലകള്‍
നിന്‍റെ മേലുരുട്ടിയിറക്കി
എനിക്കു കൈകൊട്ടിച്ചിരിക്കണം.

അപ്പോഴും, ബക്കറ്റു വെള്ളത്തില്‍
വീണ ഉറുമ്പിന്
രക്ഷപെടുത്തിയവനോടുള്ള
കടപ്പാടു പ്രതിഫലിപ്പിക്കുന്ന
ഒരു ഭാവത്തോടെ മാത്രം
നീ എന്നെ നോക്കണം.

ഇടനാഴികളിലെല്ലാം
ഓരോരോ കണ്ണാടികള്‍
സൂക്ഷിക്കണം ,
നമുക്കിടയിലെ പതമരങ്ങള്‍
കുമിളകള്‍ പൊട്ടിച്ചു
കടപുഴകി
പണ്ടാരമടങ്ങുന്നത്
കണ്ട് എനിക്ക് ഭ്രാന്താവണം.

പ്രിയേ,
എനിക്കു ഭ്രാന്താവണം
നല്ല മുഴുത്ത ഭ്രാന്ത് ....

Wednesday, March 27, 2013

ജനുവരി 26ന്‍റെ ഓര്‍മ്മയ്ക്ക്...!!!!!




..അന്നും അതിരാവിലെ ഏഴരയോടെയാണ് കുട്ടി എണീറ്റത് .പെണ്ണിന് ഇത്രേം
നേരായിട്ടും എണീക്കാനായില്ലേ ന്നു അമ്മേടെ സ്ഥിരം ഒഴിവുദിന പ്രക്ഷേപണം .(കേട്ട് ബോറടിച്ചു .അമ്മമാരേ ..ഇതൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടെ !!)

അപ്പഴാണ് ഓര്‍ത്തത് ,ഇന്നാണ് ആധാര്‍ ഫോട്ടോ എടുക്കാന്‍ (രണ്ടാമത്തെ തവണ )പോവാനുള്ളത്.നേരെ എണീറ്റ്‌ പോയി ബ്രഷൊക്കെ ചെയ്ത് കുളിച്ചു മുടുക്കിയായി പോയി ചായ കുടിച്ചു .സാധാരണയായി ഓഫീസില്‍ പോവാന്‍ ഞാന്‍ കോളേജില്‍ പോവാന്‍ കാണിക്കുന്നതിനേക്കാള്‍ മടി കാണിക്കുന്ന ഒരിനം ജീവിയെ വിളിച്ചു.അദ്ദേഹം എണീക്കുന്നേയുണ്ടായിരുന്നുള്ളൂ .

"ഇന്ന് പോവാനില്ലേ ??"
"ഇന്ന് ലീവാണ് "
"എന്ത് ലീവ് ??"
"കൊച്ചേ ഇന്ന് നബിദിനത്തിന്‍റെ ലീവാണ് "
ഇന്നലെയായിരുന്നല്ലോ കോളേജിനു ലീവ് എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു .
"അതൊക്കെ എന്നേ കഴിഞ്ഞില്ലേ ??"
"ആ ..ഓഫീസിനൊക്കെ ഇന്നാ ലീവ്"

പാവം ഞാന്‍ മഹാമനസ്കത കൊണ്ട് വെറുതെ അങ്ങട് വിശ്വസിച്ച് കൊടുക്കുമ്പോഴും ചതി അറിഞ്ഞിരുന്നില്ല !!!

രാവിലെ ഒന്‍പതുമണിയോടെ ആധാറിന്‍റെ ഫോട്ടോ എടുക്കാന്‍ ഹെല്‍ത്ത്സെന്‍ററില്‍ എത്തി. രണ്ട് അപ്പാപ്പന്മാര്‍ മാത്രമുണ്ട് ചൊറീംകുത്തി നിക്കുന്നു.എന്നെ കണ്ടപാടെ ഒരാള്‍ പറഞ്ഞു .

"ഇന്ന് ഫോട്ടം എടുക്കുവോന്നറിയില്ല ..ലീവാന്ന്‍ തോന്ന്ന്ന്‍"

കേട്ടപാതി നേരെ വീട്ടിലേക്ക് തിരിച്ച് നടന്നു.
പോരുന്ന വഴിക്ക് ഒരു ചെറിയ ഉണുക്ക് പോലത്തെ ചെക്കനുണ്ട് കീശേല്‍ ഇന്ത്യയുടെ കൊടീം കുത്തി അന്തസ്സായി നടന്നുപോവുന്നു.ഇന്നെന്തുപറ്റി ഇങ്ങനെ ഇത്രയ്ക്കു രാജ്യസ്നേഹം വരാനെന്നോര്‍ത്ത് വളരെ അത്ഭുതത്തോടെ, ഒരു കാര്യവുമില്ലാതെ, ഞാന്‍ ചോദിച്ചു ,

"മോന് ഇന്നാണോ സ്വാതന്ത്ര്യം കിട്ടിയത് ??"

ചെക്കന്‍ ഒന്നു നോക്കി . കണ്ണുരുട്ടി"പോടീ "ന്നും വിളിച്ച് ഒരൊറ്റ ഓട്ടം.

കുട്ട്യോള്‍ടെ ഒക്കെ ഒരു കാര്യം ന്നും വിചാരിച്ച് (ആരേലും കണ്ടാ ന്നു ചുറ്റും നോക്കി)നടന്നു .

വരുന്ന വഴിക്ക് അംഗന്‍വാടിയില്‍ പായസവും മിഠായിയും കൊടുക്കുന്നു .
ടീച്ചര്‍ എന്നേം വിളിച്ചു പായസം തന്നു .കൂടെ രണ്ടു മിഠായിയും .
പിന്നേം എന്താണ് വിശേഷമെന്ന് കുട്ടിക്ക് മനസ്സിലായില്ല .വായും പൊളിച്ച് ടീച്ചറോട് വളരെ നിഷ്കളങ്കമായി ചോദിച്ച ചോദ്യം കേട്ട പിള്ളേരൊക്കെ എന്ത് കരുതീട്ടുണ്ടാവും എന്നാലോചിച്ച് ഇപ്പഴും ചെറിയ ഒരു ..ഒരു... .
(ചെറുതായിട്ടേ ഉള്ളൂ,ട്ടോ !!!)

"എന്താ ടീച്ചറേ,പായസോക്കെ ?? ഇന്ന് ടീച്ചറിന്‍റെ പിറന്നാളാണോ ??"

ടീച്ചറുടെ പൊട്ടിച്ചിരിയോടൊപ്പം ക്ലാസ്സിന്‍റെ ഉള്ളില്‍ നിന്ന് അട്ടഹാസങ്ങള്‍ കേട്ട് നോക്കുമ്പോള്‍ ഹാ ..അത്ഭുതം ...!!!

കുറെ കുഞ്ഞുഭാരത പൗരന്മാര്‍ ..പൗരികള്‍ ..കയ്യില്‍ കൊടിയൊക്കെ പിടിച്ച് .
ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "റിപ്പബ്ലിക് ദിനാശംസകള്‍ "എന്ന് എഴുതി വച്ചിരിക്കുന്നു.

ഒറ്റ ഓട്ടമായിരുന്നു വീട്ടിലേയ്ക്ക് .പിന്നില്‍ നിന്നാരോ പറയുന്നത് കേട്ടു.

"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!"